തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന ഭരണങ്ങൾക്കെതിരായ വികാരം ഇക്കുറി പോളിങ്ങിൽ കേരളത്തിൽ എത്രത്തോളമുണ്ട്? വിദ്വേഷ രാഷ്ട്രീയം ജയിക്കാൻ മാത്രം വളർന്നിട്ടില്ലാത്ത കേരളത്തിൽ കേന്ദ്രവിരുദ്ധ വികാരം ശക്തമാണെന്നത് വസ്തുത. ബി.ജെ.പിയുടെ വിജയപ്രതീക്ഷ പോലും ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രം. സംസ്ഥാന സർക്കാറിനെതിരായ വികാരമുണ്ടോ, ഉണ്ടെങ്കിൽ എത്ര തീവ്രമാണ്? യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണികളുടെ സീറ്റെണ്ണം നിശ്ചയിക്കുന്നതിൽ പ്രധാന ഘടകങ്ങളിൽ ഒന്ന് അതാണ്.
രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം നടന്ന തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ നേടിയ തിളക്കമാർന്ന വിജയം ഭരണവിരുദ്ധ വികാരമായാണ് യു.ഡി.എഫ് ഉയർത്തിക്കാട്ടിയത്. രണ്ടിടത്തും യു.ഡി.എഫിന് ലഭിച്ച ഉയർന്ന ഭൂരിപക്ഷത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് സി.പി.എം വിലയിരുത്തിയതാണ്. പിണറായി സർക്കാർ അന്നത്തെക്കാൾ ജനങ്ങളിൽ നിന്നകന്നെന്നാണ് ഇപ്പോൾ യു.ഡി.എഫ് കണക്കുകൂട്ടുന്നത്. വെള്ളക്കരം, നികുതി, ഇന്ധന സെസ്, കറന്റ്ബിൽ തുടങ്ങിയവ കൂട്ടിയത് കുടുംബ ബജറ്റിന് ഭാരമായി. കൊട്ടിഗ്ഘോഷിച്ച് നടത്തിയ നവകേരള സദസ്സ്, കേരളീയം പരിപാടികൾക്ക് ജനങ്ങൾക്ക് ഒരു പ്രയോജനവും നൽകിയില്ല.
വില കൂട്ടിയിട്ടും സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളില്ല. ക്ഷേമ പെൻഷൻ കുടിശ്ശിക, ജീവനക്കാരുടെ ശമ്പളം വൈകുന്നതിലേക്ക് നയിച്ച സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ ജനങ്ങളെ നേരിട്ട് ബാധിച്ച, സംസ്ഥാന സർക്കാറിനെതിരെ ജനവികാരമുയർത്താൻ പോന്ന കാരണങ്ങളേറെയുണ്ട്. കേരളത്തിന് അവകാശപ്പെട്ട വിഹിതം കേന്ദ്രം പിടിച്ചുവെച്ചിട്ടും ക്ഷേമപദ്ധതികളും വികസന പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നത് തങ്ങളുടെ നേട്ടമെന്നാണ് പിണറായി സർക്കാറിന്റെ അവകാശവാദം. ദേശീയപാത വികസനമുൾപ്പെടെ കാര്യങ്ങൾ എടുത്തുപറയാനുമുണ്ട്. ഇക്കാര്യങ്ങൾ പറയാനാണ് മന്ത്രിസഭ ഒന്നടങ്കം കേരളമാകെ ബസിൽ സഞ്ചരിച്ച് നവകേരള സദസ്സ് നടത്തിയത്.
ആ ജനസമ്പർക്കം ഫലം ചെയ്തെങ്കിൽ ഭരണവിരുദ്ധ വികാരത്തിൽനിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാറിന് കഴിഞ്ഞേക്കും. എന്നാൽ, അതിന്റെ സൂചനകളൊന്നുമില്ല. പ്രചാരണത്തിൽ വിലക്കയറ്റവും നികുതി വർധനയും ആവർത്തിച്ചുന്നയിക്കുന്ന യു.ഡി.എഫ് പിണറായി സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുയർത്താനുള്ള ശ്രമം നടത്തുന്നുണ്ട്. സി.എ.എ, ബി.ജെ.പിയോടുള്ള എതിർപ്പ് തുടങ്ങിയ വിഷയങ്ങളിൽ പ്രചാരണം കേന്ദ്രീകരിക്കുന്ന ഇടതുപക്ഷം സംസ്ഥാന വിഷയങ്ങളിൽനിന്ന് ചർച്ച അകറ്റാനും ശ്രമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.