തിരുവനന്തപുരം: വോട്ടർമാർക്കും മതസംഘടന നേതാക്കൾക്കും ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പണം വാഗ്ദാനം ചെയ്യുന്നെന്ന ചാനൽ അഭിമുഖത്തിലെ ആരോപണത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമീഷന്റെ താക്കീത്. മാതൃകാപെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ ഭാവിയിൽ നടത്താൻ പാടില്ലെന്നും സബ്കലക്ടർ അശ്വതി ശ്രീനിവാസിന്റെ ഉത്തരവിൽ പറയുന്നു. ചാനൽ അഭിമുഖത്തിലെ ആരോപണ ഭാഗങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് 24 ന്യൂസ് ചാനലിനും നിർദേശം നൽകിയിട്ടുണ്ട്.
ബി.ജെ.പി ഇലക്ഷൻ ലീഗൽ കൺവീനർ ജെ.ആർ. പത്മകുമാർ, എൻ.ഡി.എ ഇലക്ഷൻ കമ്മിറ്റി കൺവീനർ വി.വി. രാജേഷ് എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പരാതിയിൽ ശശി തരൂരിൽനിന്നും ചാനൽ മേധാവിയിൽനിന്നും വിശദീകരണം തേടിയ ശേഷമായിരുന്നു നടപടി.
അഭിമുഖത്തിൽ ഒരിടത്തും സ്ഥാനാർഥിയുടെ പേരോ പാർട്ടിയോ പരാമർശിച്ചിട്ടില്ലെന്നും പൊതുനിരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രസ്താവനയെന്നുമായിരുന്നു ശശി തരൂരിന്റെ വിശദീകരണം. ഔദ്യോഗിക ചുമതലയിലിരിക്കെ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയെന്നതിന് ധനവകുപ്പിലെ സെക്ഷൻ ഓഫിസർ കെ.എൻ. അശോക് കുമാറിനെ തെരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫിസറുടെ ചുമതലകളിൽനിന്ന് കമീഷൻ നീക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.