ഇലക്ഷൻ ഫലം വരാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോ പാലക്കാടുനിന്നുള്ള ജ്യോതിഷി നടത്തിയ പ്രവചനം സമൂഹമാധ്യമങ്ങളിൽ വൈറലായി. പ്രാദേശിക ചാനൽ സംപ്രേക്ഷണംചെയ്ത വീഡിയോയിലാണ് പ്രവചനം നടത്തിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയൻ എന്നിവരുടെ ഭാവിയാണ് ജ്യോതിഷി പ്രവചിച്ചത്. കൂടാതെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിലെ പ്രകടനവും മുൻകൂറായി വെളിപ്പെടുത്തിയിട്ടുണ്ട്. രസകരമായ കാര്യം എല്ലാ പ്രവചനവും കൃത്യമായി തെറ്റിയിട്ടുണ്ടെന്നതാണ്.
ആദ്യം പറയുന്നത് ഉമ്മൻ ചാണ്ടിയുടെ ഗ്രഹനിലയാണ്. ഇതനുസരിച്ച് അദ്ദേഹത്തിന് പത്തിലെ വ്യാഴം ഭാഗ്യം സമ്മാനിക്കും. ഉമ്മൻചാണ്ടിക്ക് അമരയോഗവും ശശിയോഗവും ഉണ്ട്. കോൺഗ്രസ് തിളങ്ങിയാൽ അതിെൻറ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്ക് ആയിരിക്കുമെന്നും ജ്യോതിഷി പറഞ്ഞു. രണ്ടാമത് പരിശോധിച്ചത് രമേശ് ചെന്നിത്തലയുടെ കാലയോഗമാണ്. ചെന്നിത്തലക്ക് രാജയോഗമാണെന്നായിരുന്നു ജ്യോതിഷിയുടെ കണ്ടെത്തൽ. ഒപ്പം ശശിയോഗവുമുണ്ട്. അപ്രതീക്ഷിതമായ ഭാഗ്യലബ്ധി അദ്ദേഹത്തിന് ഉണ്ടാകുമെന്നും പ്രവചനം ഉണ്ടായി.
മൂന്നാമതായി വന്ന പിണറായി വിജയനെകുറിച്ചുള്ള പ്രവചനമായിരുന്നു 'ഞെട്ടിക്കുന്നത്'. പിണറായിക്ക് കഷ്ടകാലം എന്നായിരുന്നു ജ്യോതിഷിയുടെ കണ്ടെത്തൽ. ബ്രാഹ്മണ കോപം, തന്ത്രി കോപം, ആചാര ലംഘനം എന്നിവ അദ്ദേഹത്തിന് ദുരിതം കൊണ്ടുവരുമെന്നും ജ്യോതിഷി കവടിനിരത്തി കണ്ടുപിടിച്ചു. പരിഹാരമായി അയ്യപ്പന് നിരാഞ്ജനം ഗണപതിക്ക് നാളികേരം ഉടക്കൽ എന്നിവയും നിർദേശിക്കപ്പെട്ടു. അടുത്തതായി വന്നത് ബി.ജെ.പിയെകുറിച്ചുള്ള പ്രവചനമാണ്. കൂട്ടത്തിൽ ഏറ്റവും ഭീകരമായ പ്രവചനം ഇതായിരുന്നു. ബുധെൻറ ഗുണഫലം ബി.ജെ.പിക്ക് ലഭിക്കുമെന്നായിരുന്നു കണ്ടെത്തൽ. ബുധനെന്നാൽ വീര്യം, ധൈര്യം, ഒാജസ്സ് എന്നിവയാണ്. ബുധെൻറ അപഹാരംകൊണ്ട് ബി.ജെ.പിയുടെ നില ഉത്തരോത്തരം മെച്ചപ്പെടുമെന്നും ജ്യോതിഷി പറഞ്ഞുവച്ചു.
സ്ട്രോങ് റൂമുകളിൽ ഇരിക്കുന്ന വോട്ടിങ് മെഷീനുകൾ പുറത്തെടുത്താൽ പ്രവചനം സത്യമാണോ എന്ന് അറിയാമെന്ന് പറഞ്ഞാണ് വാർത്ത അവസാനിക്കുന്നത്. ജ്യോതിഷിയുടെ പ്രവചനം കാണുന്നരുടെയെല്ലാം കിളി പറന്ന അവസ്ഥയാണ്. ഇത്ര കൃത്യമായി മണ്ടത്തരം പറയാൻ എങ്ങിനെ സാധിക്കുന്നെടാ ഉവ്വേ എന്നാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ചോദിക്കുന്നത്. എന്തായാലും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും ശശിയോഗമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല എന്നതുമാത്രമാണ് നെറ്റിസൺസിന് ആശ്വാസം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.