കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതിന്‍റെ നിരാശയിൽ ബി.ജെ.പി. വോട്ട് ശതമാനവും വിജയിച്ച വാർഡുകളുടെ എണ്ണവും വർധിച്ചുവെങ്കിലും വിജയം പ്രതീക്ഷിച്ച പലയിടത്തും നേട്ടമുണ്ടായില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാരണങ്ങൾ പരിശോധിച്ച് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകും.
തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി ഏറെ പ്രതീക്ഷയർപ്പിച്ച ഒന്നായിരുന്നു. എന്നാൽ, തിരുവനന്തപുരത്ത് എൽ.ഡി.എഫാണ് ജയിച്ചുകയറിയത്. ബി. ഗോപാലകൃഷ്ണൻ, എസ്. സുരേഷ് ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ പരാജയവും പാർട്ടിക്ക് ക്ഷീണമായി.
ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തിയ പലയിടത്തും നേരിയ വോട്ടുകൾക്കാണ് ജയം കൈവിട്ടതെന്ന് നേതൃത്വം നിരീക്ഷിക്കുന്നു. അതേസമയം, പ്രധാന നേതാക്കളെ അകറ്റിനിർത്തിയതാണ് ജയത്തിന്‍റെ തിളക്കം കുറച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ എതിർക്കുന്ന വിഭാഗം ആരോപിക്കുന്നു. എന്നാൽ, യു.ഡി.എഫും എൽ.ഡി.എഫും ഒത്തുകളിച്ചെന്നാണ് കെ. സുരേന്ദ്രൻ ആരോപിച്ചത്.
ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ 2015നെക്കാൾ വർധനവുണ്ടായെങ്കിലും ബ്ലോക്, ജില്ല പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കാനായില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടഞ്ഞു നിന്ന നേതാക്കളെ പാർട്ടിയോട് അടുപ്പിക്കുന്നതിൽ കെ. സുരേന്ദ്രൻ പരാജയപ്പെട്ടുവെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.