തിരുവനന്തപുരം: പദ്ധതികളുടെ നിർമാണവും നടത്തിപ്പും ഏറ്റെടുത്ത കമ്പനികൾ സ്വീകരിക്കുന്ന നിലപാടുകൾ പൊതുമേഖല സ്ഥാപനങ്ങളായ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും തിരിച്ചടിയാവുന്നു.
മണിയാർ ജല വൈദ്യുതി പദ്ധതി കരാറാണ് കെ.എസ്.ഇ.ബിക്ക് നിർണായകമാവുന്നത്. പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറേണ്ട സമയമെത്തിയ സാഹചര്യത്തിൽ ഇതൊഴിവാക്കാൻ കരാർ കാലാവധി നീട്ടി ലഭിക്കുന്നതിന് സ്വകാര്യ കമ്പനി സർക്കാറിൽ സമ്മർദം ചെലുത്തുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമാണ-നടത്തിപ്പ് കൈമാറിയ അരുവിക്കര, പെരുവണ്ണാമൂഴി പ്ലാന്റുകൾ കരാർ കാലാവധി കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതാണ് ജല അതോറിറ്റിക്ക് തിരിച്ചടിയാവുന്നത്.
കാർബോറാണ്ടം മുരുഗപ്പ ഗ്രൂപ്പാണ് ബി.ഒ.ടി വ്യവസ്ഥ പ്രകാരം മണിയാർ പദ്ധതി നിർമാണം നടത്തിയത്. കരാർ വ്യവസ്ഥ പ്രകാരം 2025ൽ പദ്ധതി കെ.എസ്.ഇ.ബിക്ക് വിട്ടുകൊടുക്കണം. എന്നാൽ കരാർ കാലാവധി നീട്ടണമെന്ന ആവശ്യമുയർത്തി സർക്കാറിൽ സമർദം ചെലുത്തുകയാണ് കമ്പനി. കെ.എസ്.ഇ.ബിയുടെ ട്രാൻസ്മിഷൻ ലൈനുകളിലൂടെ കൊച്ചിയിലെ കാർബോറാണ്ടം ഫാക്ടറിയിലേക്കാണ് വൈദ്യുതി കൊണ്ടുപോകുന്നത്. നിലയം കെ.എസ്.ഇ.ബിക്ക് കൈമാറണമെന്ന കരാർ പാലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബിയിലെ സംഘടനകളടക്കം രംഗത്തുണ്ട്.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച അരുവിക്കര, പെരുവണ്ണാമൂഴി പ്ലാന്റുകൾ ഇപ്പോഴും സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലാണ്. കൊച്ചിയിൽ എ.ഡി.ബി സഹായത്തോടെ കുടിവെള്ള പദ്ധതി കരാർ ഏറ്റെടുക്കാൻ മുന്നോട്ടുവന്ന കമ്പനിയാണ് അരുവിക്കര, പെരുവണ്ണാമൂഴി പ്ലാന്റുകളുടെ നടത്തിപ്പ് തുടരുന്നത്. അഞ്ച് വർഷത്തെ നടത്തിപ്പിനുശേഷം പ്ലാന്റുകൾ ജല അതോറിറ്റിക്ക് തിരികെ നൽകുമെന്ന വ്യവസ്ഥയിലാണ് 2008ൽ കരാർ നൽകിയത്. 16 വർഷം പിന്നിട്ടിട്ടും പ്ലാന്റുകൾ ജല അതോറിറ്റിക്ക് ഏറ്റെടുക്കാനായിട്ടില്ല.
സ്വകാര്യ കമ്പനി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഇവയുടെ പ്രവർത്തനവും സ്വന്തം ജീവനക്കാരെ നിയോഗിച്ച് ജല അതോറിറ്റിക്ക് നടത്താൻ കഴിയില്ലെന്നതടക്കം ഏറ്റെടുക്കലിന് വിവിധ തടസ്സങ്ങളുണ്ടത്രെ. കൊച്ചിയിലും തുടർന്ന് തിരുവനന്തപുരം നഗരത്തിലും നടപ്പാക്കാൻ ലക്ഷ്യമിടുന്ന സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ജല വിതരണ പദ്ധതികളിലും ഇത്തരത്തിൽ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്ന രീതി ആവർത്തിക്കപ്പെടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.