തൃശൂർ: സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാരിക്കൂട്ടി വൈദ്യുതി മിച്ച സംസ്ഥാനമാക്കിയതു വഴി കെ.എസ്.ഇ.ബി വരുത്തിവെക്കുന്നത് വൻ ബാധ്യത. 2022-23 വർഷം കെ.എസ്.ഇ.ബിയിൽ അധികമായത് 1946.2 മില്യൺ യൂനിറ്റ് വൈദ്യുതിയാണ്. ഇത്തരത്തിൽ കഴിഞ്ഞ മൂന്നുവർഷം സ്വകാര്യ കമ്പനികളിൽ നിന്ന് വാരിക്കൂട്ടിയതിൽ അധികമായി വന്നത് 3300 മില്യൺ യൂനിറ്റ് വൈദ്യുതിയാണ്.
യൂനിറ്റിന് നാല് രൂപയിലേറെ തുകക്ക് വിവിധ കമ്പനികളിൽ നിന്ന് വാങ്ങിക്കൂട്ടുന്ന വൈദ്യുതിയാണ് ഒടുവിൽ ബോർഡിന്‍റെ മിച്ചവൈദ്യുതിയായി മാറുന്നത്. ഈ വൈദ്യുതിയാകട്ടെ 3.50 രൂപക്ക് മറ്റ് സംസ്ഥാനത്തേക്ക് മറിച്ചുവിൽക്കുകയും ചെയ്യുന്നുവെന്ന് റഗുലേറ്റി കമീഷൻ അംഗീകരിച്ച റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.
ഈയിനത്തിൽ 800 കോടി രൂപയാണ് 2022-23 വർഷം ബോർഡിന് നഷ്ടമായത്. പ്രതിവർഷം കോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബി വരുത്തിവെക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വൈദ്യുതി 3.75 രൂപക്കെങ്കിലും വിറ്റ് നഷ്ടം കുറക്കണമെന്ന് കേരള സ്റ്റേറ്റ് റഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചു. റഗുലേറ്ററി കമീഷന്‍റെ അംഗീകാരമില്ലാതെ പല കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനെ കമീഷന്‍റെ റിപ്പോർട്ടിൽ വിമർശിച്ചിട്ടുണ്ട്.
കേന്ദ്ര അനുമതി വാങ്ങാതെ വൈദ്യുതി വാങ്ങിയ പല കരാറുകളും അനധികൃതമാണെന്ന് റഗുലേറ്ററി കമീഷൻ കണ്ടെത്തിയിട്ടുണ്ട്. ജിൻഡാൽ പവർ ലിമിറ്റഡ്, ജാബുവ, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ കമ്പനികളുമായുണ്ടാക്കിയ പല കരാറുകളും അനുമതി നേടാതെയാണെന്നാണ് കണ്ടെത്തൽ. 25ഉം 30ഉം വർഷം നീണ്ടുനിൽക്കുന്ന ദീർഘകാല കരാറുകളാണ് കമ്പനികളുമായി ഉണ്ടാക്കിയത് എന്നതിനാൽ അതിന്‍റെ ബാധ്യത വരും നാളുകളിൽ ബോർഡിനെ പിന്തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.