കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന കാർ

നാടുകാണി ചുരത്തിൽ കുടുംബം സഞ്ചരിച്ച കാറിനുനേരെ കാട്ടാന ആക്രമണം

നിലമ്പൂർ: നാടുകാണി ചുരത്തിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തി കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കൈക്കുഞ്ഞ് ഉൾ​പ്പെടെ കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ചുരത്തിൽ തണുപ്പൻ ചോലക്ക് സമീപമാണ് സംഭവം.

വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി സ്വദേശികളായ കൂട്ടിലാടി മൻസൂർ (35), മകൻ റബീഹ് (നാല്), മാതാവ് സുബൈദ (85), സഹോദരന്‍റെ ഭാര‍്യ ഷംന ഷെറിൻ, മകൻ ആമിൽ (ഒന്നര) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

ഗൂഡല്ലൂരിലെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് കാട്ടാനക്കൂട്ടത്തിന്‍റെ മുന്നിൽ അകപ്പെട്ടത്. റോഡരികിലും സമീപവുമായി അഞ്ച് ആനകളാണ് ഉണ്ടായിരുന്നത്. ഇതിൽ മാറിനിൽക്കുകയായിരുന്ന ഒരു ആന കാറിനുനേരെ പാഞ്ഞടുക്കുകയായിരുന്നു.

ആന അടുത്തെത്തിയതോടെ മൻസൂർ കാർ ഓഫാക്കി. വാഹനത്തിന്റെ മുന്നിലെ ബമ്പർ ആന ചവിട്ടിത്തെറിപ്പിച്ചു. ബോണറ്റിലും ആന മുട്ട് മടക്കി ചവിട്ടി. കാറിന്‍റെ പിന്നിലുണ്ടായിരുന്ന മറ്റൊരു കാറിന്‍റെ പിൻഭാഗത്തെ ചില്ലുകൾ മുളയിൽ തട്ടി തകർന്നു. മറ്റു വാഹനങ്ങളുടെ ഹെഡ് ലൈറ്റുകൾ കണ്ടതോടെ ചിഹ്നം വിളിച്ച് ഒറ്റയാൻ പിന്തിരിഞ്ഞ് ആനക്കൂട്ടത്തോടൊപ്പം കാട് കയറുകയായിരുന്നു.

ആർക്കും പരിക്കില്ല. കാറിന്‍റെ മുൻ ഭാഗം തകർന്നെങ്കിലും ഈ വാഹനത്തിൽ തന്നെയാണ് കുടുംബം ചുരം ഇറങ്ങിയത്.

Tags:    
News Summary - elephant attack at nadukani churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.