കാട്ടാനക്കൂട്ടത്തിന് മുന്നിൽപെട്ടു; സജി ഒന്നരമണിക്കൂർ മരത്തിന്​ മുകളിൽ

അടിമാലി: കാട്ടാനക്കൂട്ടത്തിന്​ മുന്നിൽപെട്ട കർഷകൻ​ പ്രാണരക്ഷാർഥം മരത്തിന്​ മുകളിൽ കഴിഞ്ഞത്​ ഒന്നരമണിക്കൂർ. ഒടുവിൽ നാട്ടുകാരും വനപാലകരുമെത്തി ആനകളെ തുരത്തി യുവാവിന്‍റെ ജീവൻ രക്ഷിച്ചു. ഇടുക്കി ചിന്നക്കനാൽ സിങ്കുകണ്ടം സ്വദേശി സജിയാണ് (40) മരത്തിൽ കയറി ആനകളുടെ ആക്രമണത്തിൽനിന്ന്​ സാഹസികമായി രക്ഷപ്പെട്ടത്​.

സിങ്കുകണ്ടത്തിന്​ സമീപം തിങ്കളാഴ്ച രാവിലെ പത്തോടെയാണ്​ സംഭവം. കൃഷിയിടത്തിന്​ താഴെ പണിയെടുത്തുകൊണ്ടിരുന്ന സജി ശബ്ദം കേട്ടാണ്​ മുകളിലേക്ക്​ കയറിവന്നത്​. സജിയെ കണ്ടതോടെ ഒരു കൊമ്പനും ഒരു പിടിയാനയും​ രണ്ട്​ കുട്ടികളുമടങ്ങുന്ന കാട്ടാനക്കൂട്ടം മുന്നിലേക്ക്​ ഓടിയടുത്തു. ഇതോടെ സജി ഉടൻ സമീപത്തെ പുല്‍മേട്ടിലുള്ള യൂക്കാലി മരത്തിന്​ മുകളില്‍ കയറി.

താഴെ നിലയുറപ്പിച്ച കാട്ടാനകൾ അവിടെ മേഞ്ഞു നടക്കാന്‍ തുടങ്ങിയതോടെ മരത്തിൽനിന്ന്​​ താഴെയിറങ്ങാനായില്ല. സജി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്ന ചിലര്‍ ഇത് കണ്ടു. അവരാണ്​ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്​. തുടർന്ന് നാട്ടുകാരും വനം വകുപ്പ് വാച്ചർമാരും സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും ബഹളംവെച്ചും ഏറെ പണിപ്പെട്ട്​ കാട്ടാനകളെ ഇവിടെനിന്ന് തുരത്തുകയായിരുന്നു. ഇതിന്​ ശേഷമാണ്​ സജി മരത്തിൽനിന്ന്​ ഇറങ്ങിയത്​.

Tags:    
News Summary - elephant attack in Adimali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.