കല്പറ്റ: എൽസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് അടിയന്തരമായി തൊഴിലും വേതനവും നല്‍കണമെന്നാവശ്യപ്പെട്ട് ടി. സിദ്ദിഖ് എം.എല്‍.എ തൊഴിൽമന്ത്രി വി. ശിവന്‍കുട്ടിയുമായി ചർച്ച നടത്തി. സംയുക്ത സമരസമിതിയുടെ ഭാഗമായി ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി നല്കിയ നിവേദനം മന്ത്രിക്ക് നല്കി. വിഷയത്തില്‍ ഇടപെടുമെന്നും ലേബര്‍ കമീഷണറുടെ അടിയന്തര യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ചുമാസമായി തൊഴിലാളികള്‍ക്കും 10 മാസമായി സൂപ്പര്‍ വൈസര്‍മാര്‍, ഫീല്‍ഡിലെ മറ്റുസ്റ്റാഫുകള് ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല.
വിവിധ കാരണങ്ങള്‍ പറഞ്ഞ് എല്ലാആഴ്ചയിലും തൊഴില്‍ദിനങ്ങള്‍ മാനേജ്മെന്റ് വെട്ടിക്കുറക്കുകയും ചികിത്സാനുകൂല്യം പൂര്‍ണമായി നിര്‍ത്തലാക്കുകയും ചെയ്തിരിക്കുകയാണ്. വര്‍ഷങ്ങളായി ബോണസ്, ലീവ് വിത്ത് വേജസ്, പിരിഞ്ഞുപോയ നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യം എന്നിവ നല്‍കുന്നില്ല.
തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത പി.എഫ് വിഹിതം 2015 മുതല്‍ മാനേജ്മെന്റ് അടച്ചിട്ടില്ല. ദീര്‍ഘകാലമായി ശമ്പളവും ജോലിയും മറ്റ് ആനുകൂല്യവും നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരം നടത്തി വരുകയാണ്.
തൊഴില്‍നിയമം ലംഘിച്ചുകൊണ്ടുള്ള നടപടിയാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും എം.എല്‍.എ മന്ത്രിയെ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.