തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് നിയമസഭയിൽ ഇറങ്ങിപ്പോക്ക്. എൻഡോസൾഫാൻ ബാധിതരുടെ അമ്മമാർ സെക്രേട്ടറിയറ്റ് പടിക്കൽ പട്ടിണി സമരം നടത്തുന്ന സാഹചര്യത്തിലാണ് എന്‍.എ. നെല്ലിക്കുന്ന് തുടങ്ങിയവർ അടിയന്തരപ്രമേയ അനുമതി തേടിയത്. പ്രശ്നത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്കിയ പരിരക്ഷയും ആശ്വാസവും അവരുടെ ദുരിതത്തെ ഒരളവെങ്കിലും കുറക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി മറുപടി നൽകി. കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രശ്നങ്ങള്‍ റവന്യൂ, ആരോഗ്യം, സാമൂഹികനീതി, ഭക്ഷ്യപൊതുവിതരണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ മുഖാന്തരമാണ് നടപ്പാക്കുന്നത്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ റവന്യൂമന്ത്രി അധ്യക്ഷനായ സെല്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ദുരിതബാധിതരെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങളുണ്ട്. 2017 ഏപ്രിലിൽ പ്രത്യേക ക്യാമ്പ് നടത്തി 287 പേരെയും ഇരകളുടെ അമ്മമാർ നല്കിയ പരാതികള്‍ പരിശോധിച്ച് 76 പേരെയും കൂടി ഉള്‍പ്പെടുത്തി 363 പേരുടെ പട്ടിക അംഗീകരിച്ചു. പുനഃപരിശോധനക്കുശേഷം 11പേരെ കൂടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആകെ 6212 പേരാണ് ദുരിതബാധിതരായുള്ളത്. പട്ടികയില്‍ ഉള്‍പ്പെടാത്ത 657 പേര്‍ക്ക് സൗജന്യ ചികിത്സ അനുവദിച്ചിട്ടുണ്ട്.
ദേശീയ മനുഷ്യാവകാശ കമീഷന് നിര്‍ദേശിച്ച ശിപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രസഹായം ലഭിച്ചിട്ടില്ല. ഇത് പുനരധിവാസത്തിന് തടസ്സമാണ്. മൂളിയാര്‍ വില്ലേജിൽ പുനരധിവാസ ഗ്രാമം നിര്‍മിക്കുന്നതിന് 68 കോടിയുടെ പദ്ധതി തുടങ്ങിയിട്ടുണ്ട്. സാമൂഹിക സേവനമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 233പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.
സ്കൂള്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, ജലവിതരണ പദ്ധതികള്‍ തുടങ്ങിയവയാണ് ഇതിലുള്ളത്.197പദ്ധതികള്‍ പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ, പ്രഖ്യാപിച്ച പദ്ധതികൾ പലതും നടപ്പായിട്ടില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഹിരോഷിമയിലെന്ന പോലെ എന്നും വേട്ടയാടപ്പെടുന്ന ദുരന്തമായി എൻഡോസൾഫാൻ മാറിയെന്ന് എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു.
പുനഃപരിശോധന നടത്തി അർഹരെ കണ്ടെത്തും –മന്ത്രി
തിരുവനന്തപുരം: എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സമരം പിൻവലിക്കണമെന്നും എൻഡോസൾഫാൻ ബാധിതരാണോയെന്ന് മാനദണ്ഡപ്രകാരം പുനഃപരിശോധന നടത്തി അർഹരെ കണ്ടെത്തി ലിസ്റ്റ് തയാറാക്കുമെന്നും മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ.കെ. ശൈലജയും. ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
1905 പേരെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ പാനൽ 90 ദിവസത്തിനകം പരിശോധന നടത്തും. നേരത്തെ, മെഡിക്കൽ ക്യാമ്പ് നടത്തിയപ്പോൾ ഹർത്താൽ കാരണം പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് പ്രത്യേക ക്യാമ്പ് നടത്തും. ദുരന്തബാധിത കുടുംബത്തിലെ രണ്ട് കുട്ടികളിൽ ഒരാളെമാത്രം ഉൾപ്പെടുത്തിയത് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കേസുകൾ പ്രത്യേകം പരിഗണിക്കും. മൂന്നുലക്ഷം രൂപ വരെ കടബാധ്യതയുള്ളവരുടെ കടം എഴുതിത്തള്ളുന്നതിന് 4.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നേരത്തെ 50,000 രൂപ വരെയുള്ള കടം എഴുതിത്തള്ളുന്നതിന് 2.67 കോടി രൂപ അനുവദിച്ചിരുന്നു. പൂർണമായി കിടപ്പിലായവർ, മരിച്ചവർ, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും മറ്റു വിഭാഗങ്ങളിലുള്ളവർക്ക് മൂന്നുലക്ഷം രൂപയും നൽകിക്കൊണ്ടിരിക്കുകയാണ്.
സർക്കാറിെൻറ ആയിരം ദിനാഘോഷത്തിെൻറ ഭാഗമായി ആറ് ബഡ്സ് സ്കൂളുകൾ കാസർകോട് ഉദ്ഘാടനം ചെയ്യും. മൂന്ന് ബഡ്സ് സ്കൂളുകളുടെ പണി അന്തിമഘട്ടത്തിലാണ്. പുളിയാർ പഞ്ചായത്തിൽ 68 കോടി രൂപ ചെലവഴിച്ച് പുനരധിവാസപദ്ധതി നടപ്പാക്കും. ഇതിനുള്ള രൂപരേഖ ഊരാളുങ്കൽ സൊസൈറ്റി തയാറാക്കിക്കഴിഞ്ഞു. മേഖലയിൽ ബാക്കിവന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിന് പെസ്റ്റിസൈഡ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് കലക്ടർ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രിമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.