തിരുവനന്തപുരം: എൻജിനീയറിങ് കോഴ്സുകളിൽ സമീപകാലത്തെ റെക്കോഡ് പ്രവേശനം നടന്നിട്ടും ഒരാൾപോലും പ്രവേശനത്തിനെത്താത്ത 82 ബാച്ചുകൾ. 33 സ്വകാര്യ സ്വാശ്രയ കോളജുകളിലാണ് കുട്ടികളില്ലാത്ത ബാച്ചുകളുള്ളത്.
അഞ്ച് ബാച്ചുകളിൽ വരെ കുട്ടികളില്ലാത്ത സ്വാശ്രയ കോളജുകളുമുണ്ട്. ഇത്തവണ കുട്ടികളില്ലാത്ത ബാച്ചുകൾ കൂടുതൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ ബ്രാഞ്ചുകളിലാണ്.
15 കോളജുകളിലായി 15 വീതം ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ബാച്ചുകളിലാണ് ഒരാൾപോലും പ്രവേശനം നേടാത്തത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 13 ബാച്ചിലാണ് കുട്ടികളെത്താത്തത്. സിവിൽ എൻജിനീയറിങ്ങിൽ 11 ബാച്ചുകളിൽ കുട്ടികളില്ല. സൈബർ സെക്യൂരിറ്റി, ഇൻറർനെറ്റ് ഓഫ് തിങ്സ്, ഡേറ്റ സയൻസ്, ബ്ലോക് ചെയിൻ എന്നിവയിൽ സ്പെഷലൈസേഷനുള്ള കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ 11 ബാച്ചുകളിലും ആരും പ്രവേശനം നേടിയിട്ടില്ല. ഫുഡ് ടെക്നോളജി, ബയോമെഡിക്കൽ എൻജിനീയറിങ്, സേഫ്റ്റി ആൻഡ് ഫയർ, ഓട്ടോമൊബൈൽ തുടങ്ങിയ ബ്രാഞ്ചുകളിൽ ഒന്ന് വീതം ബാച്ചുകളിലും കുട്ടികൾ പ്രവേശനം നേടിയിട്ടില്ല. എൻട്രൻസ് യോഗ്യത നേടാത്തവർക്കും ഇത്തവണ സ്വാശ്രയ കോളജുകളിൽ എൻജിനീയറിങ് പ്രവേശനത്തിന് അനുമതി നൽകിയിരുന്നു. ഇതിന്റെ ഫലമായി വിദ്യാർഥികളുടെ എണ്ണം 32,960 ആയി വർധിച്ചിരുന്നു.
മൊത്തം സീറ്റുകളിൽ 67 ശതമാനത്തിലേക്കും വിദ്യാർഥി പ്രവേശനം നടന്നിട്ടും കുട്ടികളിലാത്ത ബാച്ചുകളുടെ എണ്ണം ഉയർന്നുനിൽക്കുന്നത് കോളജുകളുടെ ഗുണനിലവാര പ്രശ്നമാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.