തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാറിന്റെ കെ-സ്മാർട്ട് പദ്ധതി ജനുവരി ഒന്നുമുതൽ. ആദ്യഘട്ടം കോർപറേഷനുകളിലും നഗരസഭകളിലുമാണ് പദ്ധതി ലഭ്യമാക്കുന്നതെന്നും 80ഓളം സേവനങ്ങൾ ഓൺലൈനിലൂടെ ലഭിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഏപ്രിൽ ഒന്നോടെ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള സേവനങ്ങൾ ഓഫിസുകളിൽ പോകാതെതന്നെ പൊതുജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാവും. ഇ-ഗവേണൻസിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമാണിത്. ജനുവരി ഒന്നിന് രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ-സ്മാർട്ട് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്യും. കെ-സ്മാർട്ട് മൊബൈൽ ആപ് മന്ത്രി പി. രാജീവ് പുറത്തിറക്കും.
ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം) കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റിവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) വികസിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളിൽ വിപുലമായ ഓൺലൈൻ സേവനം നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ ശ്രദ്ധേയ ചുവടുവെപ്പ് നേരിട്ടറിഞ്ഞ് മറ്റ് സംസ്ഥാനങ്ങൾ കെ-സ്മാർട്ട് മാതൃകയിൽ സോഫ്റ്റ്വെയർ വികസിപ്പിക്കാൻ ഐ.കെ.എമ്മിനെ സമീപിച്ചിട്ടുണ്ട്. ആദ്യഘട്ടം ജനന, മരണ, വിവാഹ രജിസ്ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസ്, വസ്തുനികുതി, യൂസർ മാനേജ്മെന്റ്, ഫയൽ മാനേജ്മെന്റ്, ഫിനാൻസ് മൊഡ്യൂൾ, കെട്ടിട അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും ലഭ്യമാവുക. വിദേശത്തുള്ളവർക്കും ഓൺലൈൻ വഴി അതത് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് സേവനങ്ങൾ ലഭ്യമാവും. വിവാഹ രജിസ്ട്രേഷന് വധൂവരന്മാർ നേരിട്ട് പോകേണ്ടതില്ല.
തിരുവനന്തപുരം: കെ-സ്മാർട്ട് ആപിലൂടെ അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീത് അപേക്ഷകന്റെ വാട്സ്ആപിലും ഇ-മെയിലിലും ലഭ്യമാക്കും.
സർട്ടിഫിക്കറ്റുകളും വാട്സ്ആപ് വഴിയും ഇ-മെയിൽ വഴിയും അയക്കും. കെ-സ്മാർട്ടിലൂടെ ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയാറാക്കും. ഇതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിടനിർമാണ പെർമിറ്റുകൾ ലഭ്യമാകും. നോ യുവർ ലാൻഡ് എന്ന മെനുവിലൂടെ സ്വന്തം ഭൂമിയിൽ ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമിക്കാൻ കഴിയുക എന്ന വിവരം അറിയാനാകും. കെട്ടിട നിർമാണത്തിന് സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടപ്രകാരമാണ് തയാറാക്കിയതെന്ന് സോഫ്റ്റ്വെയർ തന്നെ പരിശോധിച്ച് ഉറപ്പാക്കും. തീരപരിപാലന നിയമ പരിധി, റെയിൽവേ-വിമാനത്താവളമേഖല, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റർ പ്ലാനുകൾ തുടങ്ങിയവയിൽ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനും സംവിധാനമുണ്ട്.
നിശ്ചിത ഭൂമിയിൽ പോയി ആപ് മുഖേന സ്കാൻ ചെയ്താൽ ഈ വിവരങ്ങൾ ലഭിക്കും. പൊതുജനങ്ങളെയും ജീവനക്കാരെയും സഹായിക്കാൻ പ്രത്യേക ഹെൽപ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തും. ആദ്യഘട്ടം ഓരോ തദ്ദേശ സ്ഥാപനങ്ങളിലും 10 ജീവനക്കാരെ വീതം സഹായത്തിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.