തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലെടുക്കുന്നവരുടെ ഐക്യം ശക്തിപ്പെടണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. എൻ.ജി.ഒ യൂനിയന്റെ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുഹൃത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് ശക്തിയാണ്. അതിനെതിരെ രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്നും ഇ.പി പറഞ്ഞു.
ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ നാൾക്ക് നാൾ വർധിച്ചു വരികയാണ്. തൊഴിലില്ലായ്മ, വരുമാന ശോഷണം, വ്യവസായ തകർച്ച, തുടങ്ങിയവ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക മേഖല പോലും പുതിയ പ്രതിസന്ധികളെ നേരിടുകയാണ്. രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത കുറയുന്നു. കൃഷിക്കാർ അസ്വസ്ഥരാണ്. കർഷക പ്രക്ഷോഭത്തെ തുടർന്ന് നൽകിയ ഉറപ്പുകൾ പാലിക്കാൻ ഒരു വർഷം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ തയാറാകുന്നില്ല.
കൃഷി ഭൂമിയിൽ പണിയെടുക്കുന്ന കർഷകരുടെ അവകാശങ്ങൾ നിഷേധിച്ച് കോർപ്പറേറ്റുകൾ കാർഷിക മേഖല കൈയ്യടക്കുകയാണ്. എന്ത് ഉൽപ്പാദിപ്പിക്കണമെന്നും, എന്ത് വില നിശ്ചയിക്കണമെന്നും തീരുമാനിക്കുന്നത് കോർപ്പറേറ്റുകളാണ്. പദ്ധതികൾ പോലും ആസൂത്രണം ചെയ്യുന്നത് കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കനുസൃതമായാണ്. കർഷകർ കൃഷി ഉപേക്ഷിക്കേണ്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ബാങ്കിംഗ് മേഖല തകർച്ച നേരിടുന്നു.
സമ്പത്ത് രാജ്യത്തിന്റെ പൊതു താൽപ്പര്യത്തിന് ഉപയോഗിക്കുന്നില്ല. അയഥാർഥ കണക്കുകൾ കാണിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്ന് പ്രചരിപ്പിക്കുന്നു. തൊഴിലാളികളും, കൃഷിക്കാരും, ജീവനക്കാരും തമ്മിലുള്ള എെക്യത്തെ സർക്കാർ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ തൊഴിലാളികളുടെ എെക്യത്തെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും, കേരളം മികച്ച സാമ്പത്തിക ആസൂത്രണത്തിലൂടെ എല്ലാ സേവന ആനുകൂല്യങ്ങളും നൽകിവരുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട്, നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ വി.കെ.ഷീജ നന്ദിയുംപറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.