മോദിക്കും ബി.ജെ.പിക്കുമെതി​െ​ര അതിരൂപത മുഖപത്രം; 'ദീർഘകാല സഹകാരികൾ പോലും നമ്മളെ ഒറ്റുകൊടുക്കാനിടയുണ്ട്; നിഷ്പക്ഷത പാലിക്കുന്ന കാലം കഴിഞ്ഞു'

കൊച്ചി: ക്രൈസ്​തവ സമൂഹം ബി.ജെ.പിയോട്​ പുലർത്തുന്ന ആഭിമുഖ്യത്തെ രൂക്ഷമായി വിമർശിച്ചും അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ ചൂണ്ടിക്കാണിച്ചും കത്തോലിക്കാസഭ എറണാകുളം അതിരൂപതയുടെ മുഖപത്രമായ 'സത്യദീപം' വാരിക. സാമൂഹിക പ്രവർത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എൻ.ഐ.എ അറസ്റ്റ്​ ചെയ്​ത്​ തുറങ്കിലടച്ച പശ്​ചാത്തലം വിശദീകരിച്ചാണ്​ ലേഖനം. 'ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്: ഇന്ത്യയിലെ ക്രിസ്റ്റ്യന്‍ മിഷനു നല്‍കുന്ന സൂചനകൾ' എന്ന തലക്കെട്ടിൽ ബി.ജെ.പിയുടെയും മോദി ഗവൺമെന്‍റിന്‍റെയും ന്യൂനപക്ഷ വിരുദ്ധതയെകുറിച്ച്​ ഫാ. എം.കെ. ജോര്‍ജ്ജ് (ജെസ്യൂട്ട് ജനറല്‍ ക്യൂരിയ, റോം) ആണ്​ ലേഖനമെഴുതിയിരിക്കുന്നത്​.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദുമേധാവിത്വ ബി.ജെ.പിയും ഇന്ത്യന്‍ ഭരണഘടനയുടെ സ്വതന്ത്ര മൂല്യങ്ങളെയും പ്രമാണങ്ങളെയും കാറ്റില്‍ പറത്തിയതായി ലേഖനത്തിൽ പറയുന്നു. ന്യൂനപക്ഷങ്ങളെ നിരന്തരം ഭീതിയിലാഴ്ത്തിക്കൊണ്ട് ഭൂരിപക്ഷ മതവിഭാഗത്തിന് സവിശേഷമായ അധികാരാവകാശങ്ങള്‍ ഉറപ്പാക്കുന്നതിലാണ് മോദിയുടെ വിജയമെന്നും ലേഖകൻ ചൂണ്ടിക്കാട്ടുന്നു.  നമ്മുടെതന്നെ വിശ്വസ്തരായ ദീര്‍ഘകാല സഹകാരികള്‍ പോലും നമ്മെ ഒറ്റുകൊടുക്കാനിടയുണ്ട്. നമ്മുടെ ജീവകാരുണ്യപ്രവര്‍ത്തന വേദികള്‍, പ്രത്യേകിച്ച്, സ്ഥാപനങ്ങള്‍ ഓരോന്നായി സാവധാനത്തിലും പടിപടിയായും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. നിക്ഷിപ്ത താത്പര്യങ്ങളുള്ള ഒരു സര്‍ക്കാര്‍ നമ്മുടെ ശുശ്രൂഷകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കുന്ന വിധം നടത്തുന്ന നീക്കങ്ങളെക്കുറിച്ച് നാം എത്രമാത്രം അറിവുള്ളവരാണെന്നും ലേഖനത്തിൽ ചോദിക്കുന്നു. ''ഭരണകക്ഷിയിലെ പല നേതാക്കള്‍ക്കും വിദ്യാഭ്യാസം നല്‍കിയത് നമ്മുടെ സ്ഥാപനങ്ങളാണ്. ഹൃദ്യമായ സുഹൃത്ബന്ധമാണ് അവര്‍ നമ്മോട് വച്ചു പുലര്‍ത്തുന്നതെങ്കിലും നമ്മുടെ ഉദ്യമങ്ങളെയെല്ലാം തകര്‍ക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തുന്നതിലും നയപരിപാടികള്‍ നടപ്പാക്കുന്നതിലും അവര്‍ക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല''.

'ഭിന്നിപ്പിക്കാനുള്ള നീക്കം കരുതിയിരിക്കണം'

സ്റ്റാൻ സ്വാമിയുടെ സേവനപ്രവർത്തനങ്ങളെ കുറിച്ച്​ തെറ്റായ ആ​േരാപണങ്ങൾ ഉന്നയിച്ച്​ സഭയ്​ക്കകത്ത്​ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളെയും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. '' സ്റ്റാന്‍ സ്വാമിയുടെ പ്രവര്‍ത്തനങ്ങളെയും ശൈലിയെയും അനുകൂലിക്കാത്ത വ്യക്തികളും ഗ്രൂപ്പുകളും ഉണ്ട്. ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ചില ക്രിസ്തീയവിഭാഗങ്ങള്‍ രംഗത്ത് വരുകയുണ്ടായി. മാവോയിസ്റ്റ് ബന്ധവും അവര്‍ അദ്ദേഹത്തില്‍ ആരോപിക്കുന്നുണ്ട്. സുവിശേഷവത്ക്കരണത്തില്‍ മാത്രം നാം ശ്രദ്ധിച്ചാല്‍ പോരെയെന്നു ചിന്തിക്കുന്ന ശുദ്ധാത്മാക്കളും ഉണ്ട്. ഫാ. സ്റ്റാന്‍ സ്വാമിയുടേതുപോലുള്ള 'രാഷ്ട്രീയ' പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അക്കൂട്ടര്‍ക്ക് സ്വീകാര്യമല്ല. മറ്റു തരത്തിലുള്ള ക്രിസ്തീയ ശുശ്രൂഷകളെ ഇതു ബാധിക്കുമെന്നാണ് ചിലരുടെ ആശങ്ക. ഭരണകക്ഷിയെ അനുകൂലിക്കുന്ന വലതുപക്ഷ ചിന്താഗതിക്കാര്‍ക്ക് സ്റ്റാന്‍ സ്വാമിയെ കുറ്റപ്പെടുത്താനും മാവോയിസ്റ്റ് ബന്ധം ആരോപിക്കാനും നിരവധി കാരണങ്ങള്‍ നിരത്താനുമുണ്ടാവും. ശുദ്ധഗതിക്കാരും നിഷ്‌കളങ്കരുമായ മനുഷ്യരുടെ മനസ്സിലുള്ള ഈ ആശയക്കുഴപ്പം പിളര്‍പ്പ് ഉണ്ടാക്കാന്‍ തീര്‍ച്ചയായും വഴിവയ്ക്കും.'' - ഫാ. എം.കെ. ജോര്‍ജ്ജ് അഭിപ്രായ​പ്പെട്ടു.

സൗകര്യപൂര്‍വം നിഷ്പക്ഷത പാലിക്കുന്ന ദിനങ്ങളുടെ കാലം കഴിഞ്ഞു. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ എടുക്കേണ്ടതുണ്ട്. നിരീക്ഷണത്തിനു വിധേയമാക്കിയും പിളര്‍പ്പുണ്ടാക്കിയും നിലപാടുകളെടുക്കാന്‍ രാഷ്ട്രീയ മേലധികാരികള്‍ നിര്‍ബന്ധിക്കുമ്പോള്‍, നമ്മുടെ ശുശ്രൂഷകള്‍ പരിശോധനയ്ക്കു വിധേയമാക്കപ്പെടുമെന്നും നാം പീഡിപ്പിക്കപ്പെടുമെന്നും പ്രതീക്ഷിക്കണം. മോദി സര്‍ക്കാരുമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ കള്ളക്കേസില്‍ പ്രതിയാക്കി ജയിലിലടക്കാനുള്ള അപകടസാധ്യത തിരിച്ചറിയേണ്ടതുണ്ടെന്നും ലേഖകൻ വ്യക്​തമാക്കുന്നു.

സഭയുടെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിലും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഗ്രാന്റ് എന്നിവ നേടിയെടുക്കുന്നതിലും ഇപ്പോള്‍ത്തന്നെ നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ട്. വിശ്വസ്തരായ ദീര്‍ഘ കാല സഹകാരികള്‍ പോലും ഒറ്റുകൊടുക്കാനിടയുണ്ട്. ജീവകാരുണ്യപ്രവര്‍ത്തന വേദികള്‍, പ്രത്യേകിച്ച്, സ്ഥാപനങ്ങള്‍ ഓരോന്നായി സാവധാനത്തിലും പടിപടിയായും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. പ്രശ്‌നങ്ങളുടെ അടിവേരുകളിലേക്ക് അടിസ്ഥാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും മാറ്റത്തിനു വിധേയമാക്കപ്പെടാനുള്ള വെല്ലുവിളി സ്വീകരിക്കണമെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു.





Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.