വി.സി നിയമന ബില്ലിൽ പിഴവ്; ഭേദഗതി കൊണ്ടുവരും

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ അവതരിപ്പിച്ച സർവകലാശാല നിയമ (ഭേദഗതി) ബില്ലിൽ പിഴവ്. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബിൽ സഭയിലെത്തുമ്പോൾ പിഴവ് ഔദ്യോഗിക ഭേദഗതിയിലൂടെ തിരുത്താനും സർക്കാർ തലത്തിൽ ധാരണയായി. വി.സി നിയമനത്തിന് ബില്ലിൽ വ്യവസ്ഥ ചെയ്ത അഞ്ചംഗ സെർച്ച് കമ്മിറ്റിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാനെ കൺവീനർ പദവിയോടെ അംഗമാക്കാനുള്ള വ്യവസ്ഥയിലാണ് നിയമപ്രശ്നം.

സർവകലാശാലയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിൽ പാടില്ലെന്ന് 2018ലെ യു.ജി.സി റെഗുലേഷനിൽ വ്യവസ്ഥയുണ്ട്.ഉന്നത വിദ്യാഭ്യാസവുമായി സർക്കാറിനെയും സർവകലാശാലകളെയും ബന്ധിപ്പിച്ച് ഉപദേശക സംവിധാനമായാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രവർത്തിക്കുന്നത്. കൗൺസിലിന്‍റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ സർവകലാശാലകളുടെ അക്കാദമിക് കൗൺസിലിൽ അംഗങ്ങളുമാണ്. നേരത്തേ കൗൺസിലിലെ ഒാരോ അംഗം വീതം സർവകലാശാല സിൻഡിക്കേറ്റുകളിലും അംഗമായിരുന്നു.ഇതാണ് ബിൽ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റി പരിഗണിക്കുകയും ചെയ്തശേഷം നിയമപ്രശ്നമായി ഉയർന്നത്.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സെർച്ച് കമ്മിറ്റി അംഗമാകുന്നതിലെ നിയമപ്രശ്നം നിയമവകുപ്പ് സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് ഭേദഗതി കൊണ്ടുവരാൻ സർക്കാർതലത്തിൽ ധാരണയായത്.ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ പ്രധാന സർവകലാശാലകളുടെയെല്ലാം വി.സി നിയമന സെർച്ച് കമ്മിറ്റിയുടെ തലപ്പത്ത് കൊണ്ടുവരുന്നതിൽ സി.പി.എമ്മിലും വിയോജിപ്പുണ്ട്.

നടപടി സമാന്തര അധികാര കേന്ദ്രമാക്കി കൗൺസിൽ വൈസ് ചെയർമാൻ പദവിയെ മാറ്റുമെന്നാണ് പ്രധാന വിമർശനം. ഇതുകൂടി പരിഗണിച്ച് സെർച്ച് കമ്മിറ്റിയിൽനിന്ന് കൗൺസിൽ വൈസ്ചെയർമാനെ ഒഴിവാക്കുന്ന ഭേദഗതിയാണ് സർക്കാർ മുന്നോട്ടുവെക്കുക. പകരം ആരെ വെക്കണമെന്നത് സംബന്ധിച്ച് ബിൽ സഭയിൽ തിരിച്ചെത്തുംമുമ്പ് തീരുമാനിക്കും.

ചീഫ് സെക്രട്ടറിയുടെ പേരുൾപ്പെടെ പരിഗണനയിലുണ്ട്. എന്നാൽ, സർക്കാർ പ്രതിനിധി സെർച്ച് കമ്മിറ്റിയിലുണ്ടായിരിക്കെ, ചീഫ് സെക്രട്ടറിയെകൂടി കൊണ്ടുവരേണ്ടതുണ്ടോ എന്ന ചർച്ചയും നടക്കുന്നുണ്ട്.യു.ജി.സി റെഗുലേഷന് വിരുദ്ധമാണ് ബില്ലെന്ന് ഗവർണർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ബില്ലിൽ രാജ്ഭവൻ നിയമപ്രശ്നം ഉയർത്തുന്നത് ഒഴിവാക്കാനും ഭേദഗതി ആവശ്യമാണെന്ന് സർക്കാർ കരുതുന്നു. 

Tags:    
News Summary - Error in VC Appointment Bill; Amendment will be brought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.