എരുമേലി വിമാനത്താവളം: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും -മന്ത്രി കെ. രാജന്‍

കോട്ടയം: എരുമേലി വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ. രാജന്‍. ചെറുവള്ളി എസ്​റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമിക്കുപുറമെ എസ്റ്റേറ്റിന് പുറത്തുനിന്നും 307 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കും.

എസ്റ്റേറ്റ് ഭൂമിക്ക് പുറമെ 301 ഹെക്ടർ ഭൂമി കൂടി അധികം വേണമെന്ന് നാവിഗേഷൻ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 2263 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ആദ്യം നോട്ടിഫിക്കേഷൻ ഉണ്ടായിരുന്നത്. രണ്ട് ഏറ്റെടുക്കലുംകൂടി പുതുതായി ഒറ്റ നോട്ടിഫിക്കേഷനായി ഇറക്കിയതാണ് പുതിയ നടപടിക്രമം. സ്വാതന്ത്ര്യലബ്​ധിക്ക് മുമ്പ് ബ്രിട്ടീഷ് കമ്പനിയുടെ കൈവശമുണ്ടായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമി കൈമാറ്റം ചെയ്ത് സ്വകാര്യവ്യക്തികളുടെ കൈകളില്‍ എത്തുകയായിരുന്നു. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൈവശാവകാശം തെളിയിക്കുന്നത്​​ നിയമപരമായ മാര്‍ഗത്തിലൂടെ ആകണമെന്ന് സുപ്രീം കോടതി പറഞ്ഞ 64 കേസുകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്. അതിലുള്‍പ്പെടുന്നതാണ് ചെറുവള്ളി എസ്റ്റേറ്റും.

ഇതുസംബന്ധിച്ച് കേസ് പാലാ കോടതിയിൽ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് ലാന്‍ഡ് അക്വിസിഷന്‍ നടപടിയിലൂടെ എസ്റ്റേറ്റ് ഭൂമി വിമാനത്താവളത്തിന്​ ഏറ്റെടുക്കാനുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോവുന്നത്. ഇവിടെ എല്‍.എ.ആര്‍.ആര്‍ 2013 അടിസ്ഥാനമാക്കി സാമൂഹികാഘാത പഠനം ഉൾപ്പെടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനിയും പല നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമേ വില നിശ്ചയിക്കുന്നതടക്കം കാര്യങ്ങളിലേക്ക്​ കടക്കൂ.

പണം നല്‍കേണ്ട സമയത്ത് കേസ് സർക്കാറിന് അനുകൂലമായാൽ പണം നൽകാതെ തന്നെ ഭൂമി ഏറ്റെടുക്കാനാവും. ആ സമയത്ത് തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ പണം കോടതിയില്‍ കെട്ടിവെച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനവാസമേഖലയും കാർഷികമേഖലയും നിർബന്ധമായും ബഫർ സോണിൽനിന്ന്​ ഒഴിവാക്കണമെന്നത് സർക്കാർ നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Erumeli Airport Land acquisition will be speeded up says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.