മുരളി തുമ്മാരുകുടി

10 വർഷം പിന്നിട്ട ഒരു ലക്ഷത്തിന്റെ തട്ടുകട വെള്ളപ്പൊക്കത്തിൽ നശിച്ചാൽ എത്ര നഷ്ടം കണക്കാക്കും? - മുരളി തുമ്മാരുകുടി

​കോഴിക്കോട്: വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച നഷ്ടക്കണക്കിനെ ചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. എങ്ങനെയാണ് ദുരന്ത മേഖലയിൽ നഷ്ടപരിഹാരം കണക്കുകൂട്ടുക എന്നത് സംബന്ധിച്ച് പലർക്കും അവ്യക്തത തുടരുകയാണ്. ഇക്കാര്യത്തിൽ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യങ്ങൾ പറയുകയാണ് 20 വർഷമായി അന്താരാഷ്ട്ര തലത്തിൽ നിരവധി യുദ്ധങ്ങളുടെയും ദുരന്തങ്ങളുടേയും നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തിയ യു.എൻ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

ഒന്നാമത്തെ ഗൾഫ് യുദ്ധത്തിലെ പരിസ്ഥിതി നഷ്ടത്തിന്റെ കണക്കുകൾ പരിശോധിക്കുന്ന ജോലിയാണ് യു.എന്നിൽ ആദ്യമായി ചെയ്തത്. പിന്നീട് 2003ലെ ഇറാഖ് യുദ്ധത്തിലെ നഷ്ടത്തിന്റെ കണക്ക് മുതൽ ലോകത്തുണ്ടായ മിക്കവാറും വൻ യുദ്ധങ്ങളുടെയും ദുരന്തങ്ങളുടേയും നഷ്ടത്തിന്റെ കണക്കെടുപ്പിൽ പങ്കെടുത്തു. 2011 ൽ ജപ്പാനിൽ ഉണ്ടായ സുനാമിയാണ് ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ ദുരന്തം. 220 ബില്യൺ ഡോളർ, അതായത് 17 ലക്ഷം കോടി രൂപയാണ് ആ ദുരന്തം ഉണ്ടാക്കിയ നഷ്ടം. (കേരളത്തിലെ വെള്ളപ്പൊക്കം ഉണ്ടാക്കിയ നഷ്ടം മുപ്പത്തിരണ്ടായിരം കോടി രൂപ ആയിരുന്നു).

ദുരന്ത നഷ്ടത്തിന്റെ കണക്കും കള്ളക്കണക്കും

ഒരു ദുരന്തത്തിൽ ഉണ്ടാകുന്ന നഷ്ടത്തിന്റെ കണക്കെടുപ്പ് പ്രത്യക്ഷത്തിൽ എളുപ്പമാണെന്ന് തോന്നിയാലും പ്രായോഗികമായി അത്ര എളുപ്പമല്ല. ഉദാഹരണത്തിന് ഒരു നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി എന്ന് കരുതുക, അതിന്റെ തീരത്തുള്ള തട്ടുകട വെള്ളത്തിൽ ഒഴുകിപ്പോയി. പുതിയ തട്ടുകടക്ക് ഒരു ലക്ഷം രൂപ വിലയുണ്ടെന്നും പത്തു വർഷം കഴിഞ്ഞ തട്ടുകടക്ക് ഇരുപതിനായിരം രൂപയുടെ പോലും വിലയില്ലെന്നും കരുതുക. അപ്പോൾ തട്ടുകടക്കാരന്റെ നഷ്ടം എത്രയാണ്? ഇരുപതിനായിരം രൂപ? ഒരു ലക്ഷം രൂപ?

പ്രളയത്തിൽ അനവധി തട്ടുകടകൾ ഒഴുകിപ്പോയിട്ടുണ്ടാകും, അപ്പോൾ സാധാരണ ഒരു ലക്ഷം രൂപ ഉള്ള തട്ടുകടക്ക് ഒന്നര ലക്ഷം രൂപ ആകും. പുതിയത് ഒരെണ്ണം സംഘടിപ്പിക്കാൻ ചിലപ്പോൾ ഒരു മാസം എടുത്തെന്നു വരാം. ദിവസം ആയിരം രൂപ അദ്ദേഹത്തിന് വരുമാനം ഉണ്ടായിരുന്നുവെങ്കിൽ കട പുതിയതായി ഉണ്ടാകുന്നത് വരെ അതും നഷ്ടമാണല്ലോ. അപ്പോൾ തട്ടുകടകക്കാരന്റെ നഷ്ടം എന്താണ്? ഇരുപതിനായിരം രൂപ? ഒരു ലക്ഷം രൂപ? ഒന്നര ലക്ഷം രൂപ? ഒന്നര ലക്ഷം രൂപയും ഒരു മാസത്തെ കച്ചവടത്തിൽ നിന്നും ഉണ്ടാകാവുന്ന നഷ്ടവും? ഒരു പരിധി വരെ ദുരന്തം കഴിഞ്ഞു കച്ചവടം പഴയത് പോലെ ആകാൻ ഒരു വർഷം എടുത്തെന്ന് വരാം. അതും കൂടി കൂട്ടിയാൽ നഷ്ടം പിന്നെയും കൂടും. ഇതെല്ലാം നഷ്ടങ്ങൾ തന്നെ. ഇത് കൂടാതെ വേറെയും പ്രശ്നങ്ങളുണ്ട്.

എങ്ങനെയാണ് പരിസ്ഥിതി നാശത്തിന്റെ നഷ്ടം കണക്ക് കൂട്ടുന്നത്? ദുരന്തം ഒരു നാട്ടിലെ സാംസ്കാരിക പൈതൃകസ്ഥാപനങ്ങൾക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങൾ എങ്ങനെ കണക്ക് കൂട്ടും? ഇപ്പോൾ ഈ വിഷയത്തിൽ ഏറ്റവും ആധികാരികമായ രീതി യു.എന്നും ലോകബാങ്കും യൂറോപ്യൻ യൂണിയനും കൂടി വികസിപ്പിച്ചെടുത്ത ‘പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്സ്മെന്റ്’ ആണ്. 2007 മുതൽ രണ്ടുവർഷം നൂറോളം ആളുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ് ഈ മാർഗ്ഗ രേഖ ഉണ്ടാക്കിയത്. ഈ വിഷയത്തിൽ പരിസ്ഥിതി നഷ്ടങ്ങൾ കണക്കുകൂട്ടാനുള്ള മാർഗ രേഖകൾ ഉണ്ടാക്കിയത് എന്റെ നേതൃത്വത്തിൽ ആണ്. അന്ന് സി.ഡി.എസിൽ ആയിരുന്ന ഡോക്ടർ ശാന്തകുമാർ അതിന്റെ ഭാഗമായിരുന്നു. ഈ മാർഗ നിർദ്ദേശങ്ങളുടെ ലിങ്ക് കമന്റിൽ ഉണ്ട്. 2009ന് ശേഷം ഉണ്ടായ വൻ ദുരന്തങ്ങളിലെല്ലാം ഇതാണ് ഉപയോഗിക്കപ്പെടുന്നത്.

2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ സമയത്ത് ഐക്യരാഷ്ട്രസഭ കൂടി ഇടപെട്ട് കേരളത്തിൽ ഇത്തരത്തിലുള്ള ഒരു പഠനം നടത്തിയത് ഓർക്കുന്നുണ്ടാകുമല്ലോ. ഇല്ലെങ്കിൽ ഇതിന്റെ വിവരവും കമന്റിൽ ഉണ്ട്. യു.എന്നും ലോകബാങ്കും യൂറോപ്യൻ യൂണിയനും കൂടാതെ ലോകത്തെ അനവധി രാജ്യങ്ങൾ ഇപ്പോൾ ദുരന്തം വരുമ്പോൾ അതിന്റെ കണക്കെടുക്കാനും ദുരന്താനന്തര പുനർനിർമ്മാണം പ്ലാൻ ചെയ്യാനും ഈ മാർഗനിർദ്ദേശങ്ങളാണ് ഉപയോഗിക്കുന്നത്. സാധാരണ വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആ രാജ്യങ്ങൾക്ക് സഹായം നൽകാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരും, അതിന് അടിസ്ഥാനമായി ഉപയോഗിക്കുന്നതും ഈ മാർഗരേഖകളിൽ കൂടി ഉണ്ടാക്കിയ കണക്കുകൾ ആണ്.

ഇന്ത്യയിലെ നഷ്ടപരിഹാര രീതി മാറണം

ഇന്ത്യയിൽ പക്ഷെ ഇപ്പോഴും നഷ്ടം കണക്കു കൂട്ടാനും നഷ്ടപരിഹാരം പ്രഖ്യാപിക്കാനും ഉപയോഗിക്കുന്നത് ഈ കണക്കുകൾ അല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ബ്രിട്ടീഷ് ഇന്ത്യയിൽ ദുരന്തനിവാരണത്തിനും പുനരുദ്ധാരണത്തിനും മാർഗനിർദ്ദേശങ്ങൾ വരുന്നത്. ഒരു ദുരന്തം ഉണ്ടാകുമ്പോൾ ആ പ്രദേശത്തെ റവന്യൂ സംവിധാനം ഉണ്ടായ നഷ്ടങ്ങളുടെ കണക്കെടുത്ത് ജില്ലയുടെ അധികാരിയായ കലക്ടർക്ക് നൽകും, പല ജില്ലകളിൽ നഷ്ടം ഉണ്ടെങ്കിൽ എല്ലാ കലക്ടർമാരും നൽകുന്ന കണക്കുകൾ ക്രോഡീകരിച്ച് കൽക്കട്ടയിൽ വൈസ്രോയിക്ക് നൽകും. അവിടെ നിന്നും അത് ലണ്ടനിലേക്ക് പോകും. അവിടെ നിന്നും എന്തെങ്കിലുമൊക്കെ നഷ്ടപരിഹാരം തിരിച്ചു നിർദേശിക്കും. ഇതായിരുന്നു രീതി.

2004 ൽ ഇന്ത്യയിൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് നിലവിൽ വന്നെങ്കിലും പഴയ സംവിധാനത്തിന്റെ ഏകദേശ പതിപ്പാണ് പിന്നെയും നിലനിന്നത്. ഒരു ദുരന്തം ഉണ്ടായാൽ സംസ്ഥാനം ഒരു നഷ്ടക്കണക്ക് കേന്ദ്രത്തിലേക്ക് അയക്കും, അവർ ഒരു കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. ഈ സംഘം ദുരന്തം നടന്ന കുറച്ചു സ്ഥലങ്ങൾ സന്ദർശിക്കും, സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തും, തിരിച്ചു പോകും, ഒരു നഷ്ടപരിഹാരം പ്രഖ്യാപിക്കും. ഇതാണ് രീതി.

എന്തിനാണ് ഇത്തരത്തിൽ ഒരു കണ്ണുകെട്ടിക്കളി നടത്തുന്നത്?

ഒരു ദുരന്തത്തിന്റെ മൊത്തം നഷ്ടമല്ല, കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകാൻ സാധ്യതയുള്ള വിഭാഗങ്ങളിലെ നഷ്ടമാണ് സംസ്ഥാനം പ്രധാനമായും കണക്കുകൂട്ടുന്നത്. സംസ്ഥാനത്തിന്റെ നഷ്ടം എന്തെന്നല്ല, സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങൾ കേന്ദ്രത്തിന്റെ മാർഗരേഖകൾ അനുസരിച്ചാണോ എന്നാണ് കേന്ദ്രം നോക്കുന്നത്. ഈ മാർഗരേഖകൾ ആകട്ടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകും വിധത്തിൽ ഉണ്ടാക്കിയതാണ്, സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക അന്തരം വേണ്ടത്ര കണക്കിൽ എടുത്തിട്ടില്ല. നേരിട്ടുള്ള നഷ്ടങ്ങൾ അല്ലാതെ കച്ചവടം നഷ്ടമാകുന്നത്, പരിസ്ഥിതിക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ ഒന്നും നമ്മുടെ കണക്കുകൂട്ടലിൽ ഇല്ല.

കഴിഞ്ഞ പതിനഞ്ചു വർഷമായി ഞാൻ ഇത്തരത്തിലുള്ള നഷ്ടക്കണക്കുകളും നഷ്ടപരിഹാരക്കണക്കുകളും ശ്രദ്ധിക്കുന്നുണ്ട്. കണക്കുകൂട്ടി കൊടുക്കുന്ന നഷ്ടത്തിന്റെ പത്തിലൊന്നിലും താഴെയാണ് മിക്കവാറും നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഇത് അറിയാവുന്നത് കൊണ്ട് തന്നെ മുകളിലേക്ക് കൊടുക്കുന്ന കണക്കുകൾ പലപ്പോഴും പെരുപ്പിച്ചതായിരിക്കുകയും ചെയ്യും. ഇത് രണ്ടു കൂട്ടർക്കും അറിയാം. എന്തിനാണ് ഇത്തരത്തിൽ ഒരു കണ്ണുകെട്ടിക്കളി നടത്തുന്നതെന്ന് ഞാൻ കേരളത്തിലും കേന്ദ്രത്തിലുമുള്ള ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിട്ടുണ്ട്. തൃപ്തികരമായ ഒരു മറുപടി ഒരിക്കലും കിട്ടിയിട്ടില്ല. ഇതൊക്കെ സാധാരണഗതിയിൽ സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള കത്തിടപാടുകൾ ആയി അങ്ങനെ നടക്കും. പുറത്താരും അറിയാറില്ല എന്ന് മാത്രം.

എന്താണെങ്കിലും ഇപ്പോൾ ഇത് വാർത്തയായി. സംസ്ഥാന സർക്കാരിനെ എങ്ങനെയെങ്കിലും കുറ്റം പറയാനും മോശക്കാരാക്കാനും തക്കം പാർത്തിരുന്നവരെല്ലാം എടുത്തു ചാടി. മാധ്യമ രംഗത്തുള്ളവർ കാണിച്ച അമിതാവേശം ദുരന്തത്തിൽ അകപ്പെട്ടവർക്ക് ലഭിച്ചേക്കാവുന്ന ന്യായമായ നഷ്ടപരിഹാരം പോലും ഇല്ലാതാക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത്.

ഇനിയെങ്കിലും ഈ കണക്കെടുക്കലും നഷ്ടപരിഹാരം പ്രഖ്യാപിക്കലും ലോകത്ത് ഇന്ന് നിലനിൽക്കുന്ന ബെസ്റ്റ് പ്രാക്ടീസിലേക്ക് മാറ്റാൻ ശ്രമിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ പറ്റുന്നത്. ഇപ്പോൾ കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയിൽ പ്രവർത്തിക്കുന്ന കൃഷ്ണവത്സ യു.എന്നിൽ ഈ വിഷയത്തിൽ ഒരു വിദഗ്ധൻ ആയിരുന്നു. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പി.ഡി.എൻ.എയിൽ ഇപ്പോൾ പരിശീലനം നടത്തുന്നുണ്ട്. കേരളത്തിൽ ചൂരൽമല ദുരന്തത്തിലും ഇത്തരത്തിൽ ഒരു കണക്കെടുപ്പ് നടക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നഷ്ടത്തിന്റെ യഥാർത്ഥ കണക്കുകൾ അപ്പോൾ അറിയാം. ഈ തരത്തിൽ കണക്കുകൂട്ടുന്ന യഥാർത്ഥ നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരവും പുനർനിർമ്മാണവും നടത്തുന്ന ഒരു സംവിധാനം നമുക്ക് ഉണ്ടാകണം.

കേരളത്തിലെ മാധ്യമങ്ങളുടെ ദുരന്ത വിഷയങ്ങളിലെ സാക്ഷരത ഇനിയും മെച്ചപ്പെടാനുണ്ട്. മാധ്യമ സ്ഥാപനങ്ങൾ മുൻകൈ എടുത്താൽ അവർക്ക് വേണ്ടി നഷ്ടങ്ങളുടെ കണക്കുകൂട്ടൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിസ്ഥാനമായ അറിവെങ്കിലും നൽകുന്ന ഒരു പരിശീലനം നല്കാൻ തയ്യാറാണെന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ കൂടി ഓഫർ ഉണ്ട്. ഡിസംബറിൽ നാട്ടിൽ വരുമ്പോൾ പ്ലാൻ ചെയ്താൽ മതി.

Full View

Tags:    
News Summary - Estimating loss and damage from disasters -Muralee Thummarukudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.