തിരുവനന്തപുരം: ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തെങ്കിലും വിവിധ മേഖലകളിൽ നിയന്ത്രണം തുടരും. വ്യാവസായിക രംഗത്ത് കർശന നിയന്ത്രണം പ്രഖ്യാപിച്ചു. പ്രഖ്യാപനം ഇല്ലെങ്കിലും ഗാർഹിക മേഖലയെയും ഇത് ബാധിക്കും. ഉപയോഗം നിശ്ചിത പരിധിക്കപ്പുറം കടക്കുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. അതിനിടെ, പ്രാദേശിക നിയന്ത്രണം സംബന്ധിച്ച് പാലക്കാട് ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉത്തരവിറക്കി.
പാലക്കാട് സർക്കിളിന് കീഴിൽവരുന്ന മണ്ണാർക്കാട്, അലനല്ലൂർ, ഷൊർണൂർ, കൊപ്പം, കൂറ്റനാട്, ഒറ്റപ്പാലം, അരങ്ങോട്ട്കര, പട്ടാമ്പി, പത്തിരിപ്പാല, കൊല്ലങ്കോട്, നെന്മാറ, വടക്കാഞ്ചേരി, കൊടുവായൂർ, ചിറ്റൂർ, ഒലവക്കോട്, വൈദ്യുതിഭവനം സബ് സ്റ്റേഷനുകളിൽ നിന്നും പുറപ്പെടുന്ന 11 കെ.വി ലൈനുകളിലാണ് നിയന്ത്രണം. ഈ ലൈനുകളിൽ വൈകീട്ട് ഏഴുമുതൽ പുലർച്ചെ ഒരു മണിക്കുള്ളിൽ ഇടവിട്ട് ലോഡ് നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സർക്കുലറിലുള്ളത്. എന്നാൽ ലോഡ് ഷെഡിങ് വേണ്ടെന്നും ഗാർഹിക ഉപഭോക്താക്കളെ ബാധിക്കുന്ന നിയന്ത്രണം വേണ്ടെന്നുമുള്ള തീരുമാനമാണ് എടുത്തതെന്ന് കെ.എസ്.ഇ.ബി ആസ്ഥാനത്ത് നിന്നുള്ള വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
കെ.എസ്.ഇ.ബി വിതരണ-പ്രസരണ വിഭാഗം ഡയറക്ടർ വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിലും പ്രാദേശിക നിയന്ത്രണം പരാമർശിച്ചിരുന്നില്ല. ഗാർഹികേതര മേഖലയിലെ നിയന്ത്രണങ്ങളും വൈദ്യുതി ഉപഭോഗം കുറക്കാനുമുള്ള നിർദേശങ്ങളാണ് ഇതിലുണ്ടായിരുന്നത്. ഇതിനിടെയാണ് പ്രാദേശികതലത്തിൽ നിയന്ത്രണം ഉണ്ടാകുമെന്ന ഉത്തരവ് പാലക്കാട് പുറത്തിറക്കിയത്. വ്യവസായരംഗത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതടക്കമുള്ള ബദൽ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും ഗാർഹിക ഉപഭോക്താക്കളെ ബാധിക്കുന്ന ഒരു നിയന്ത്രണത്തിനും നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു. പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയറുടേത് വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ വിതരണം തടസ്സപ്പെടുമെന്ന അറിയിപ്പായിരിക്കാം. സ്വയം നിയന്ത്രിത സംവിധാനങ്ങൾ പ്രവർത്തിക്കുന്നതുമൂലമാണ് എച്ച്.ടി ഫീഡറുകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത്. മേഖല തിരിച്ചുള്ള ലോഡ് ഷെഡിങ്ങോ ഗാർഹിക ഉപഭോക്താക്കളെ ബാധിക്കുന്ന നടപടികളോ വേണ്ടെന്നാണ് നിലപാടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉയർന്ന അന്തരീക്ഷ താപനിലയും ഇതേത്തുടർന്നുള്ള വൈദ്യുതി മേഖലയിലെ പ്രതിസന്ധിയും പ്രകൃതിദുരന്തമായികണ്ട് പ്രശ്ന പരിഹാരത്തിനായി ജനം ഒറ്റക്കെട്ടായി നില്‍ക്കണം. രാത്രി 10 മുതല്‍ പുലര്‍ച്ചെ രണ്ടുവരെ വൈദ്യുതി ഉപയോഗം കഴിയുന്നത്ര കുറച്ച് കെ.എസ്.ഇ.ബിയുമായി സഹകരിക്കണം -കെ. കൃഷ്ണന്‍കുട്ടി വൈദ്യുതി മന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.