മൂലമറ്റം: വേനൽ മഴയിൽ നേരിട്ട ഗണ്യമായ കുറവിന് പുറമെ തെക്കുപടിഞ്ഞാറൻ മൺസൂണിലും കാര്യമായ മഴയില്ല. കാലവർഷം രണ്ടാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് മഴയിൽ 60 ശതമാനത്തിന്റെ കുറവാണുള്ളത്. വേനൽ മഴയിൽ 28 ശതമാനം കുറവുണ്ടായിരുന്നു. ജൂൺ ഒന്നു മുതൽ ശനിയാഴ്ചവരെയുള്ള കാലയളവിൽ കേരളത്തിൽ 60 ശതമാനം മഴയുടെ കുറവുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
345.6 മില്ലീമീറ്റർ മഴ പെയ്യുമെന്ന് കരുതിയെങ്കിലും 139.5 മില്ലീമീറ്റർ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. ഏറ്റവും മഴ കുറഞ്ഞത് കാസർകോടാണ്, 76 ശതമാനം കുറവ്. 502.9 മില്ലീമീറ്റർ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഇടുക്കിയിൽ ഇതുവരെ ലഭിച്ചത് 121.8 മില്ലീമീറ്ററാണ്. സംസ്ഥാന ഒരിടത്തും പ്രതീക്ഷിച്ചത്ര മഴ ലഭിച്ചിട്ടില്ല. ഭേദപ്പെട്ട മഴ ലഭിച്ച ജില്ല പത്തനംതിട്ടയാണ്. ഇവിടെയും 23 ശതമാനത്തിന്റെ കുറവുണ്ട്. വയനാട് -74 മില്ലീമീറ്റർ, കോഴിക്കോട് -70, കണ്ണൂർ -65, കോട്ടയം -65, പാലക്കാട് -65, ഇടുക്കി -68 എറണാകുളം -51, ആലപ്പുഴ -45, കൊല്ലം -32, മലപ്പുറം -56, തിരുവനന്തപുരം -50, തൃശൂർ -63 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കുറവുണ്ടായത്.
കാലവർഷം ആരംഭിച്ചെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പും താഴോട്ട് തന്നെ. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ അവശേഷിക്കുന്നത് 16 ശതമാനം ജലം മാത്രം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറവ്. കഴിഞ്ഞവർഷം ഇതേസമയം 1232.14 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് അവശേഷിച്ചിരുന്നത്. എന്നാൽ, നിലവിൽ 657.335 ദശലക്ഷം യൂനിറ്റിനുള്ള ജലമാണ് അവശേഷിക്കുന്നത്. ഇടുക്കി ഡാമിൽ 14 ശതമാനം ജലമാണ് ശനിയാഴ്ച അവശേഷിക്കുന്നത്. പമ്പ -10, ഷോളയാർ -52, ഇടമലയാർ -19, പൊൻമുടി -14, പൊരിങ്ങൽകുത്ത് -26, കുണ്ടള -88, മാട്ടുപ്പെട്ടി -33, കുറ്റ്യാടി -21, നേര്യമംഗലം -47, ലോവർപെരിയാർ -67 എന്നിങ്ങനെയാണ് മറ്റു ഡാമുകളിലെ ജലനിരപ്പ്. തുടർച്ചയായി മഴ ലഭിച്ചാൽ മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയുള്ളൂ. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ അവശേഷിക്കുന്ന ജലം ഉപയോഗിച്ച് 310 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും.
സംസ്ഥാനത്ത് ശനിയാഴ്ച 83.83 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോൾ 25.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചു. 58.55 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. പ്രതിദിനം ശരാശരി 23.08 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തെ ഡാമുകളിലെ ജലം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.