പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വർധിച്ചിട്ടും യാത്രക്കാരോട് മുഖംതിരിച്ച് റെയിൽവേ. ഉത്സവ സീസണുകളായതോടെ റിസർവേഷൻ കോച്ചുകളിൽ സീറ്റ് ലഭിക്കുന്നില്ല.
തിരക്ക് പരിഗണിച്ച് റെയിൽവേ അനുവദിച്ച താൽക്കാലിക ട്രെയിനുകളിൽ ഈടാക്കുന്നത് ഉയർന്ന നിരക്കാണെന്ന് പരാതിയുണ്ട്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് മൂന്നാം ക്ലാസ് എ.സിയിൽ 1285 രൂപയാണ് സാധാരണ നിരക്ക്. എന്നാൽ, സ്പെഷൽ ട്രെയിനിൽ ഈടാക്കുന്നത് 1595 രൂപയാണ്. ഇത്തരം ട്രെയിനുകളിൽ സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രക്കാർക്ക് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല.
വിദ്യാർഥികൾ ഉൾെപ്പടെ നിരവധി ആളുകൾ വന്നുപോകുന്ന ബംഗളൂരുവിലേക്ക് സ്ലീപ്പർ ടിക്കറ്റ് കിട്ടാനില്ല. വെയിറ്റിങ് ലിസ്റ്റ് 100ന് മുകളിലാണ് എല്ലാ ട്രെയിനിലും. മറ്റ് പ്രധാന പട്ടണങ്ങളിലേക്കും ഇതിന് സമാനമാണ് അവസ്ഥ. കോവിഡിനുശേഷം പാസഞ്ചർ ട്രെയിനുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാത്തതും എക്സ്പ്രസ് ട്രെയിനുകളിൽ നേരത്തേയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതുമാണ് യാത്രക്കാരുടെ ദുരിതം വർധിക്കാൻ കാരണമായത്.
കേരള എക്സ്പ്രസ് ഉൾെപ്പടെയുള്ള പല ദീർഘദൂര ട്രെയിനുകളിലും ഇനിയും ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിൽ നേരത്തേ ഉണ്ടായിരുന്ന നാല് ജനറൽ കോച്ചിൽ രണ്ടെണ്ണം ഒഴിവാക്കി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഉയർന്നു.
ശബരിമല സീസൺകൂടി ആരംഭിക്കുന്നതോടെ കേരളത്തിലേക്കും ഇവിടെനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിനിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാവും. ഇതോടെ യാത്രദുരിതം ഇരട്ടിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന് കോവിഡിന് മുമ്പുണ്ടായിരുന്ന പ്രതിവാര ട്രെയിനുകൾ പലതും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
യാത്രക്കാരുടെ എണ്ണം ഏതാണ്ട് പൂർവസ്ഥിതിയിലായിട്ടും ടിക്കറ്റ് വെൻഡിങ് മെഷീനുകൾ പ്രവർത്തിപ്പിക്കാൻ വൈകുന്നതും അത്യാവശ്യ യാത്രക്ക് സ്റ്റേഷനുകളിൽ എത്തുന്നവരെ വലക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.