മലപ്പുറം: ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടുന്ന പരാതികൾ വർധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ നിരവധിപേർക്കാണ് വ്യാജ അക്കൗണ്ടുകൾ വഴി പണം നഷ്ടപ്പെട്ടത്.
രാഷ്ട്രീയ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരുടെ പേരിലെല്ലാം വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം നടക്കുന്നുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ ഡി.സി.ഡി പ്രസിഡൻറുമായിരുന്ന വി.വി. പ്രകാശിെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമിച്ചതായി ജില്ല പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
നിരവധിപേർക്ക് ഇൗ വ്യാജ അക്കൗണ്ടിൽ നിന്ന് ഫ്രൻഡ് റിക്വസ്റ്റുകളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും വന്നിരുന്നു. സമാന രീതിയിൽ നിരവധി തട്ടിപ്പുകളാണ് വ്യാജ െഎ.ഡി ഉപയോഗിച്ച് നടക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് പിറകിലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, കേരളത്തിൽ നിന്നുള്ള സഹായം ഇവർക്ക് ലഭിക്കുന്നുണ്ടെന്ന സൂചനയുമുണ്ട്്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് യഥാർഥ അക്കൗണ്ടിലുള്ള അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും റിക്വസ്റ്റ് അയക്കുകയാണ് ഇത്തരം സംഘങ്ങൾ ആദ്യം ചെയ്യുന്നത്. പിന്നീട് ഇതിൽ ആരോടെങ്കിലും അത്യാവശ്യമായി പണം ആവശ്യപ്പെട്ട് മെസഞ്ചർ വഴി സന്ദേശം അയക്കും. അധികം അന്വേഷിക്കാൻ നിൽക്കാതെ ചിലർ ആവശ്യെപ്പട്ട തുക പെെട്ടന്ന് കൈമാറുകയും ചെയ്യും. എന്നാൽ, പിന്നീടാവും പലർക്കും അമളി മനസ്സിലാവുന്നത്.
പണം നഷ്ടമായവരിൽ എക്സൈസ് ഉദ്യോഗസ്ഥനും
രണ്ടാഴ്ച മുമ്പ് പരപ്പനങ്ങാടി സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥെൻറ വ്യാജ ഫേസ്ബുക്ക് െഎ.ഡിയുണ്ടാക്കി സഹപ്രവർത്തകന് 10,000 രൂപ നഷ്ടപ്പെട്ടിരുന്നു. ആശുപത്രി ആവശ്യത്തിനാണെന്നും ഉടനെ പണം അയച്ചു സഹായിക്കാമോയെന്നും ചോദിച്ചായിരുന്നു സന്ദേശം. അത്യാവശ്യമല്ലേ എന്നു കരുതി സുഹൃത്ത് സന്ദേശത്തിൽ പറഞ്ഞ നമ്പറിലേക്ക് ഒാൺലൈൻ വഴി പണം കൈമാറുകയും ചെയ്തു. എന്നാൽ, പിന്നീടാണ് പണം നൽകിയത് മറ്റേതോ ഒരാൾക്കാണെന്ന് മനസ്സിലായത്. സംഭവത്തിൽ പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകെൻറ പേരിലും തട്ടിപ്പ്
കഴിഞ്ഞ ആഴ്ച നിലമ്പൂരിൽ മാധ്യമപ്രവർത്തകെൻറ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും പണം തട്ടാൻ ശ്രമം നടന്നിരുന്നു. മാധ്യമപ്രവർത്തകെൻറ ഭാര്യക്ക് വാഹനാപകടത്തിൽ പരിക്കേറ്റെന്നും 25,000 രൂപ ഉടൻ അക്കൗണ്ടിൽ ഇടുമോയെന്നും ആവശ്യപ്പെട്ട് സുഹൃത്തിന് ഫേസ്ബുക്ക് മെസഞ്ചർ വഴിയാണ് സന്ദേശം എത്തിയത്.
മുഖം വ്യക്തമല്ലാത്ത രീതിയിൽ സ്ത്രീ പരിക്കേറ്റ് കിടക്കുന്ന ചിത്രസഹിതമായിരുന്നു സന്ദേശം. നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ സംശയം തോന്നിയപ്പോൾ മാധ്യമപ്രവർത്തകനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. പെരിന്തൽമണ്ണയിൽ ജോലി ചെയ്യുന്ന ഒരു യുവാവും ഇത്തരം വ്യാജ തട്ടിപ്പിന് ഇരയായിരുന്നു.
ഭാര്യപിതാവിെൻറ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം ആവശ്യപ്പെടുകയും പണം നൽകുകയും ചെയ്തതിനു ശേഷമാണ് വ്യാജ െഎ.ഡിയാണെന്ന് വ്യക്തമായത്.
എവിടെയുമെത്താതെ അന്വേഷണങ്ങൾ
ഒാൺലൈൻ വഴിയുള്ള നൂറുകണക്കിന് പരാതികൾ വിവിധ സ്റ്റേഷനുകളിൽ എത്തുന്നുണ്ടെങ്കിലും അന്വേഷണങ്ങൾ എവിടെയുമെത്താത്ത സ്ഥിതിയാണ് പലയിടത്തും.
പണം നഷ്ടമായവർ പരാതി നൽകി മാസങ്ങൾ കാത്തിരുന്നാലും വ്യാജ അക്കൗണ്ട് നിർമിച്ചവരെക്കുറിച്ച് ഒന്നും അറിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചെറിയതുക നഷ്ടപ്പെട്ട കേസുകൾ പൊലീസ് കാര്യമായെടുക്കുകയുമില്ല. ഇത്തരം അന്വേഷണങ്ങൾക്ക് ചെലവ് കൂടുതലുള്ളതും പൊലീസിെൻറ അന്വേഷണത്തിെൻറ താൽപര്യം കുറക്കുന്നുണ്ട്.
പരാതി കൊടുത്ത സ്റ്റേഷനുകളിൽ അന്വേഷിക്കുേമ്പാൾ സൈബർ സെൽ അന്വേഷിക്കുകയാണെന്ന മറുപടി മാത്രമാണ് പലർക്കും ലഭിക്കുന്നത്. സൈബർസെല്ലിൽ അന്വേഷിച്ചാൽ അന്വേഷണം പുരോഗതിയിലാണെന്നും അതത് സ്റ്റേഷനുകളെ വിവരം അറിയിക്കുന്നുണ്ടെന്നുമുള്ള പതിവ് മറുപടിയും ബാക്കി.
ഇവരെ കരുതണം
വ്യാജ അക്കൗണ്ടുകൾ വഴി പണം തട്ടുന്നതായി നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകളിൽ എത്തിയതെന്ന് മലപ്പുറം സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം അക്കൗണ്ടുകൾ എവിടെനിന്നാണോ തുടങ്ങിയതെന്നും അയക്കുന്ന ഫോൺ നമ്പറുകൾ എവിടെയാണ് രജിസ്റ്റർ ചെയ്യുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഗൂഗ്ൾ പേ, േഫാൺ പേ വഴി പണം കൈമാറുന്നതിനാൽ പലർക്കും അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കാനും പറ്റുന്നില്ല. ഏതൊരാളുടെ ഫേസ്ബുക്ക്, ഇ-മെയിൽ, വാട്സ്ആപ് അക്കൗണ്ടുകളിൽ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ വന്നാലും ബന്ധപ്പെട്ട വ്യക്തിക്ക് നേരിട്ട് വളിച്ച് ഉറപ്പുവരുത്താതെ പണം കൈമാറരുതെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു. ലോക്ഡൗൺ കാലത്ത് ഇത്തരം തട്ടിപ്പുകൾ വർധിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.