കൽപറ്റ: പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍ (ഇ.എഫ്.എല്‍) ഉള്‍പ്പെടാത്ത സ്വന്തം ഭൂമിയിൽ അതിക്രമിച്ചുകയറി അടിക്കാട് വെട്ടിയെന്നാരോപിച്ച് തന്റെ പേരിൽ കേസെടുത്ത വനപാലകര്‍ക്കെതിരെ കോടതിയെ സമീപിച്ച് ഭൂവുടമയായ കോഴിക്കോട് നടക്കാവ് സ്വദേശി കെ. ഷാജിർ അറഫാത്ത്. മേപ്പാടി ഫോറസ്റ്റ് റേഞ്ചർ, വൈത്തിരി മാതൃക ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചർ, സെഷൻ ഫോറസ്റ്റ് ഓഫിസർ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കൽപറ്റ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് കൊടുത്തതെന്ന് അറഫാത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ബാറിലെ അഡ്വ.പി. അബ്ദുൽനാസര്‍ മുഖേന ജൂണ്‍ 27ന് ഫയല്‍ ചെയ്ത കേസ് ജനുവരി ആറിന് കോടതി പരിഗണിക്കും. കുറ്റകരമായ ഗൂഢാലോചന ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് വനം ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തത്. വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജിൽ ഉൾപ്പെട്ട 1.75 ഏക്കര്‍ ഭൂമിയില്‍ അതിക്രമിച്ചുകയറി അടിക്കാട് വെട്ടി സര്‍ക്കാറിന് 500 രൂപ നഷ്ടമുണ്ടാക്കിയെന്നുകാണിച്ചാണ് വൈത്തിരി ഫോറസ്റ്റ് സ്റ്റേഷനില്‍ തനിക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തതെന്ന് ഷാജിര്‍ അറാഫത്ത് പറഞ്ഞു.
എന്നാൽ, ഈ ഭൂമി ഇ.എഫ്.എല്‍ പരിധിയിൽ ഉൾപ്പെടുന്നതല്ലെന്നും സ്ഥലത്തിന്റെ അതിരുകളില്‍ വനമോ പരിസ്ഥിതി ലോല ഭൂപ്രദേശമോ ഇല്ലെന്നും ഷാജിർ പറഞ്ഞു. പുരയിടത്തിന്റെ സ്കെച്ചും പ്രവൃത്തി നടത്തുന്നതിനുള്ള നിരാക്ഷേപ പത്രവും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ 2014ല്‍ അന്നത്തെ സൗത്ത് വയനാട് ഡി.എഫ്.ഒ അനുവദിച്ചതുമാണ്.
ഇതേ ഉദ്യോഗസ്ഥന് സ്ഥലംമാറ്റത്തിനു ഉത്തരവ് ലഭിച്ചിരിക്കെ കള്ളരേഖകളുണ്ടാക്കി അതിരുകള്‍ തെറ്റായി കാണിച്ച് പുരയിടം ഇ.എഫ്.എല്‍ പരിധിയില്‍പ്പെടുത്തുന്നതിനു ശിപാര്‍ശ ചെയ്തു. ഡി.എഫ്.ഒയുടെ നടപടിക്കെതിരായ ഹരജിയില്‍ സമാന കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍നിന്നു 2020 ജൂണില്‍ അനുകൂല ഉത്തരവുണ്ടായി. ഭൂമിയുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നടന്ന കേസിലും അനുകൂല വിധിയാണ് ലഭിച്ചത്. ഭൂമി ഇ.എഫ്.എല്ലില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതിനു കൈക്കൂലി ആവശ്യപ്പെട്ട വനം ഉദ്യോഗസ്ഥനെതിരെ 2020ല്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി നല്കിയ ഈ പരാതി പിന്‍വലിക്കാനുള്ള സമ്മർദത്തിനു വഴങ്ങാത്തതിനാണ് കള്ളക്കേസ് എടുത്തത്. ഇതിനെതിരെ വനം മന്ത്രിക്കു നല്കിയ പരാതി വിജിലന്‍സ് അന്വേഷണത്തിനു വിട്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് തന്റെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയില്ലെന്നും ഷാജിര്‍ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അഡ്വ.പി. അബ്ദുൽനാസറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.