കായംകുളം: എസ്.എഫ്.ഐ നേതാവിന് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകിയത് എറണാകുളത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഏജൻസിയാണെന്ന് സൂചന. എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ നിഖിൽ തോമസിന് സ്വന്തം സംഘടനയിലെ സഹപ്രവർത്തകനാണ് ഇതിന് ഇടനിലക്കാരനായതെന്നും അറിയുന്നു.
എം.എസ്.എം കോളജിലെ പഠനകാലയളവിൽ ബി.കോം വിജയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിദൂര വിദ്യാഭ്യാസ സാധ്യത ഉപയോഗപ്പെടുത്തുന്നത്. അന്ന് എസ്.എഫ്.ഐ ഭാരവാഹിയായിരുന്നയാളാണ് കലിംഗ സർവകാലാശാലയിൽ അവസരം ലഭിക്കുമെന്ന് കാട്ടി എറണാകുളത്തുള്ള വിദ്യാഭ്യാസ ഏജൻസിയിൽ എത്തിക്കുന്നതത്രേ. ഇത്തരം ഇടപാടുകൾക്ക് രണ്ട് ലക്ഷത്തോളം രൂപ സ്ഥാപനം ഈടാക്കാറുണ്ടെന്നും അറിയുന്നു. നിഖിലിനെ പരീക്ഷയിൽ പങ്കെടുപ്പിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു. ഇതിനെല്ലാം കൂട്ടുനിന്ന സഹപ്രവർത്തകൻ പിന്നീട് സംഘടനയിൽ നടപടി നേരിട്ട് പുറത്തുപോയി. തുടർന്ന് ഇയാൾ വിദേശത്തേക്ക് പോയതായാണ് അറിയുന്നത്.
പി.എസ്.സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തിനും നസീമിനും ഒപ്പം യൂനിവേഴ്സിറ്റി കോളജിലും ഇയാൾ എസ്.എഫ്.ഐ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ടത്രെ. ഇയാൾ ഇടനിലക്കാരനായി നിരവധി പേർ ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയതായും സൂചനയുണ്ട്. പൊലീസ് അന്വേഷണത്തോടെ ഇതിലെല്ലാം വ്യക്തത വന്നേക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.