കേന്ദ്രത്തിനെതിരായ വ്യാജപ്രചരണം; സംസ്ഥാന സർക്കാർ മാപ്പ് പറയണം- കെ. സുരേന്ദ്രൻ

തചിരുവനന്തപുരം : വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്.

തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പി.ഡി.എൻ.എ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം.

കേട്ടത് പാതി കേൾക്കാത്തത് പാതി കോൺഗ്രസും അതിനെ പിന്തുണച്ചു. കേരളം കേന്ദ്രത്തിനോട് ആവശ്യപ്പട്ട അടിയന്തര ധനസഹായമായ 214 കോടിയിൽ 150 കോടി രൂപ അനുവദിച്ചതും എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവെക്കാൻ അനുവദിച്ചതും സർക്കാർ മറച്ചുവെച്ചു. എയർ ലിഫ്റ്റിങ്ങ്, അവിശിഷ്ടങ്ങൾ നീക്കൽ തുടങ്ങിയ കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ പണം അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനം നൽകിയ പി.ഡി.എൻ.എ റിപ്പോർട്ട് പരിശോധിച്ച് വയനാടിന് അർഹമായ സഹായം കേന്ദ്രസർക്കാർ നൽകുമെന്നുറപ്പാണ്. എസ്ഡി.ആർ.എഫ് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും എത്ര രൂപ വയനാടിന് വേണ്ടി അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ ജനങ്ങളോട് പറയണം. ഇല്ലാത്ത കാര്യത്തിന് വേണ്ടി ഹർത്താൽ നടത്തി ജനങ്ങളെ ദ്രോഹിച്ചതിന് ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനമേറ്റുവാങ്ങേണ്ടി വന്നത് സർക്കാരിൻ്റെയും പ്രതിപക്ഷത്തിൻ്റെയും കപടത വ്യക്തമാക്കുന്നതാണ്.

ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് എൽ.ഡി.എഫും യു.ഡി.എഫും ഹർത്താൽ നടത്തി ജനങ്ങളെ ദ്രോഹിച്ചത്. കേരളത്തെ കൈയയച്ച് സഹായിക്കാൻ തയാറായി നിൽക്കുന്ന പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണമാണ് രണ്ട് മുന്നണികളും നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഭരണ-പ്രതിപക്ഷം നാടിനെ ഒറ്റുകൊടുക്കുന്നവരാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - False propaganda against the Centre; The state government should apologize - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.