പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുമാരപുരം ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയെങ്കിലും രോഗികള്‍ക്ക് സൗകര്യങ്ങള്‍ വർധിച്ചിട്ടില്ല. 25 വര്‍ഷം മുമ്പുണ്ടായിരുന്ന കിടത്തിച്ചികിത്സയും പ്രസവ ശുശ്രൂഷയും മൃതദേഹ പരിശോധനയുമെല്ലാം ഇല്ലാതായി. കിടത്തിച്ചികിത്സ, വൈകീട്ടുവരെ ഡോക്ടറുടെ സേവനം, ഞായറാഴ്ചകളിൽ ചികിത്സ തുടങ്ങിയ സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാണ് ആവശ്യം.
പട്ടികജാതി-വർഗ വിഭാഗങ്ങള്‍ കൂടുതലുള്ള പഞ്ചായത്തുകളിലൊന്നാണ് കുന്നത്തുനാട്. ഭാരിച്ച ചികിത്സ ചെലവ് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും താങ്ങാനാവാത്ത നിലയിലെത്തി നിൽക്കുമ്പോള് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ സൗകര്യം വർധിപ്പിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇത് സ്വകാര്യമേഖലയെ സഹായിക്കാനുള്ള നീക്കമാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. നേരത്തേ ഡോക്ടര്‍ക്ക് പുറമെ 25 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ അതിന്റെ പകുതിപോലുമില്ല. ഉച്ചക്ക് ഒരുമണി കഴിഞ്ഞാല്‍ ഡോക്ടറില്ല. നിലവില്‍ ഒരു മെഡിക്കല്‍ ഓഫിസറും താല്‍ക്കാലിക ഡോക്ടറും മാത്രമാണുള്ളത്. ദിവസവും 250ലേറെ രോഗികള്‍ ഇവിടെ എത്തുന്നുണ്ട്. വൈകീട്ട് ആറുവരെ ഒ.പി സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചെങ്കിലും നടപടിയില്ല.
നോക്കുകുത്തിയായി കെട്ടിടങ്ങൾ
നിലവില്‍ പ്രധാന ആശുപത്രി കെട്ടിടം, ഡോക്ടറുടെ ക്വാര്‍ട്ടേഴ്സ്, സമീപം മറ്റൊരു കെട്ടിടം, രണ്ട് കിടത്തിച്ചികിത്സ വാര്‍ഡുകള്‍, മോര്‍ച്ചറി, പ്രസവവാര്‍ഡ്, ഓപറേഷന് തിയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉെണ്ടങ്കിലും പലതും വെറുതെ കിടക്കുകയാണ്. ടി.എച്ച്. മുസതഫ എം.എല്‍.എ ആയിരുന്നപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമിച്ച പ്രസവ വാര്‍ഡ് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഓപറേഷനും നടന്നിട്ടില്ല. പല കെട്ടിടങ്ങളും നിർമിച്ചതല്ലാതെ ഉപയോഗിച്ചിട്ടില്ല. ആശുപത്രിക്കുകീഴില്‍ അഞ്ച് സബ്സെന്റർ ഉണ്ടെങ്കിലും ജീവനക്കാരില്ലാത്തതിനാല്‍ പ്രവര്‍ത്തനം കാര്യക്ഷമമല്ല.
വികസന സമിതി പേരിനുമാത്രം
ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ചേര്‍ത്ത് വികസന സമിതി രൂപവത്കരിച്ചെങ്കിലും പേരിന് യോഗം ചേര്‍ന്ന് പിരിയുകയാണ്. കുന്നത്തുനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെയും കിഴക്കമ്പലം പഞ്ചായത്തിലെയും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെയും നൂറുകണക്കിന് ജനങ്ങളുടെ ആശ്രയകേന്ദ്രമായ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിച്ച് കിടത്തിച്ചികിത്സ ഉള്‍പ്പെടെ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ആതുരാലയങ്ങൾ അനാരോഗ്യത്തിലോ ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.