ചെറുപുഴ (കണ്ണൂർ) : മലയോരമേഖലയിലെ കര്‍ഷകര്‍ക്കു ഭീഷണിയാകുന്ന കുരങ്ങുകളെയും വന്യമൃഗങ്ങളെയും കൃഷിയിടത്തില്‍ നിന്ന് തുരത്താന്‍ കര്ഷകൻ കണ്ടെത്തിയ കാര്‍ബണ്‍ തോക്ക് ശ്രദ്ധേയമാകുന്നു.
കാനംവയല്‍ എസ്.ടി കോളനിയിലെ മുളപ്രക്കാരന് കണ്ണന് എന്ന 63 കാരനാണ് ഈ നൂതന തോക്കു കണ്ടുപിടിച്ചത്. വിവിധ വലുപ്പത്തിലുള്ള പി.വി.സി പൈപ്പുകള്‍ ഉപയോഗിച്ചാണ് പത്തടിയോളം നീളമുള്ള തോക്കു നിര്‍മിക്കുന്നത്. തോക്കിെൻറ കുഴലിനുള്ളില്‍ വെള്ളം നിറച്ചശേഷം, വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന കാര്‍ബണ്‍ കഷണം ഇതിനുള്ളിലേക്കിടും.
തുടര്‍ന്നു പൈപ്പിെൻറ അടിഭാഗത്ത് ഘടിപ്പിച്ച ചെറിയ പൈപ്പിലൂടെ ഗ്യാസ് ലൈറ്റര്‍ ഉപയോഗിച്ചു തീകൊളുത്തുമ്പോള്‍ പൈപ്പിനുള്ളില്‍ നിന്നും വെടിശബ്ദം പുറപ്പെടുന്നതാണ് തോക്കിെൻറ പ്രവര്‍ത്തനരീതി. പടക്കം പൊട്ടുന്ന ശബ്ദം കേള്‍ക്കുന്നതോടെ, കുരങ്ങുകളും കാട്ടുപന്നിയും മറ്റും ഓടി രക്ഷപ്പെടും. തീയോ പുകയോ പുറത്തുവരാത്തതിനാല്‍ അപകടവുമില്ല. കര്‍ണാടക വനത്തോടു ചേര്‍ന്ന കാനംവയലില്‍ കാട്ടാന ശല്യം തടയാന്‍ പടക്കം പൊട്ടിക്കുന്ന പതിവുണ്ടായിരുന്നു. പടക്കങ്ങള്‍ വാങ്ങുന്നതും സൂക്ഷിക്കുന്നതും കുറ്റകരമായതോടെ, മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനിടെയാണ് ഇത്തരമൊരു കണ്ടുപിടിത്തത്തിലേക്ക് കണ്ണനെത്തിയത്.
ആദ്യം മുള ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. പിന്നീടാണ് പി.വി.സി പൈപ്പ് ഇതിന് അനുയോജ്യമെന്നു കണ്ടെത്തിയത്. പി.വി.സി പൈപ്പിനും മറ്റും 800 രൂപയോളം ചെലവുവരും. നിര്‍മിക്കുന്ന തോക്കൊന്നിന് 1000 മുതല്‍ 1500 വരെ രൂപ വരെ വിലക്കാണ് വില്‍ക്കുന്നത്. കാര്‍ബണ്‍ തോക്കുപയോഗിച്ചു വെടിപൊട്ടിക്കുന്നത് പ്രയോജനകരമാണെന്നു കര്‍ഷകരും അംഗീകരിച്ചതോടെ, ദിവസം രണ്ടും മൂന്നും തോക്കുകള്‍ വിറ്റുപോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.