പൊതുവേദിയിലേക്ക് പുരസ്കാരത്തിന് ക്ഷണിച്ച പെൺകുട്ടിയെ അധിക്ഷേപിച്ച സമസ്ത നേതാവിനെതിരെ എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. വേദികളിൽ നിന്ന് പെൺകുട്ടികളെ മാറ്റി നിർത്തുന്നതും അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുകയെന്നത് ഫാത്തിമ തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കണമെന്നും ഫാത്തിമ തഹ്ലിയ പറയുന്നു.
പൊതുവേദിയിലേക്ക് ക്ഷണിച്ച് പുരസ്കാരം നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയെ സമസ്ത നേതാവ് അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പുരസ്കാരം വാങ്ങാൻ സംഘാടകർ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പെൺകുട്ടി എത്തി പുരസ്കാരം സ്വീകരിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെതിരെ സമസ്ത നേതാവ് അവിടെ വെച്ച് തന്നെ ക്ഷുഭിതനാകുകയായിരുന്നു.
സമസ്തയുടെ തീരുമാനം നിങ്ങൾക്കറിയില്ലേ എന്ന് ചോദിച്ച നേതാവ്, രക്ഷിതാവിനോട് വരാൻ പറയൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ പുറത്തായതോടെ ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓർമ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകൾ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളിൽ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ നമുക്ക് സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.