കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: വനിതാ കമ്മിഷനില്‍ പരാതി നല്‍കി ഫാത്തിമ തഹിലിയ

കോഴിക്കോട്: വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തിനെതിരെ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ വനിതാ കമ്മീഷന് പരാതി നല്‍കി.

വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിക്ക് ഇമെയില്‍ വഴിയാണ് പരാതി നൽകിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും തഹിലിയ ഫേസ്ബുക്ക് കുറിപ്പില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊച്ചിയിൽ വാർത്താസ​മ്മേളനത്തിനിടെ കോടിയേരി നടത്തിയ വിവാദ പരാമർശമാണ് പരാതിക്കാധാരം. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, 'പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെ'ന്നായിരുന്നു മാധ്യമങ്ങളോട് കോടിയേരിയുടെ മറുചോദ്യം.

എന്നാൽ, കോടിയേരി ബാലകൃഷ്ണൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നത് ശരിയല്ലെന്നും അദ്ദേഹം തമാശ എന്ന മട്ടിൽ പറഞ്ഞതാണെന്നുമായിരുന്നു ഇതേക്കുറിച്ച് സി.പി.എം ​നേതാവും മുൻമന്ത്രിയുമായ കെ.കെ. ശൈലജ എം.എൽ.എയുടെ പ്രതികരണം. കോടിയേരി ബാലകൃഷ്ണനെ അറിയാത്തവർ ഈ നാട്ടിലില്ലെന്നും പൊതുസമൂഹത്തിൽ അദ്ദേഹത്തെക്കുറിച്ച് ആർക്കും എതിരഭിപ്രായം ഇല്ലെന്നും ശൈലജ പറഞ്ഞു.

ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി.

From,

Adv. K. Fathima Thahiliya

Ex- Vice President

MSF National Committee

To,

The Chairperson,

State Women Commission, Kerala

Sub: കഴിഞ്ഞ ദിവസം സി.പി.എം പാർട്ടി സെക്രട്ടറി നടത്തിയ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട്.

മാഡം,

സി.പി.എമ്മിന്റെ പുതിയ കേരള സംസ്ഥാന കമ്മിറ്റി ഇന്നലെ നിലവിൽ വന്നിരുന്നു. കമ്മിറ്റിയുടെ സെക്രട്ടറിയായി സഖാവ് കൊടിയേരി ബാലകൃഷ്ണൻ ചുമതലയേറ്റത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ? എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ഗുരുതരവും പൊതു പ്രവർത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുമുള്ളതാണ്. മാധ്യമങ്ങളോട് പ്രതികരിക്കവെ പാർട്ടി കമ്മിറ്റിയിൽ അമ്പത് ശതമാനം സംവരണം സ്ത്രീകൾക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങൾ ഈ പാർട്ടി കമ്മിറ്റിയെ തകർക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പൊതുജന സമക്ഷം ചോദിക്കുന്നുണ്ട്. ഇത് പൊതു പ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു

പ്രതീക്ഷാപൂർവ്വം

അഡ്വ. ഫാത്തിമ തഹിലിയ

Tags:    
News Summary - Fatima Tahlia files complaint against Kodiyeri Balakrishnan's anti-woman remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.