തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി പനി മരണങ്ങൾ. ബുധനാഴ്ച മാത്രം പനിമൂലം മരിച്ചത് ആറുപേരാണ്. ഇതിൽ കൊല്ലം ജില്ലയിലാണ് നാലെണ്ണം. എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഓരോന്നും. ആറിൽ മൂന്നുമരണവും ഡെങ്കിപ്പനി ബാധിച്ചാണ്. ഇതോടെ ഈമാസം ഇതുവരെ പനി അടക്കം പകർച്ചവ്യാധികൾ ബാധിച്ചുള്ള മരണം 38 ആയി. ഇതിൽ 22 മരണവും ഡെങ്കിപ്പനി മൂലമാണ്. മരണക്കണക്കുകൾ നെഞ്ചിടിപ്പേറ്റുമ്പോഴും കൃത്യമായ കണക്കുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യവകുപ്പ് തയാറാകുന്നില്ല. ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റ് വഴിയുള്ള കണക്കുകൾ അപൂർണമാണ്. പരസ്യ പ്രതികരണങ്ങൾക്ക് ഡി.എം.ഒമാർക്ക് വിലക്കുള്ളതിനാൽ വിവരങ്ങൾ ലഭ്യവുമല്ല.
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 133 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ജൂണിൽ മാത്രം രോഗം സ്ഥിരീകരിച്ചവർ 1168 ആയി. ഈ വർഷം ഇതുവരെ 2863ഉം. കഴിഞ്ഞ ദിവസം പനിബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 12,876 ആണ്. ഇതിൽ മലപ്പുറത്താണ് ഏറ്റവും കൂടുതൽ -2095 പേർ. കോഴിക്കോട് 1529ഉം തിരുവനന്തപുരത്ത് 1156ഉം ആണ് പനി ബാധിതരുടെ നില. രണ്ടാഴ്ച മുമ്പുവരെ പ്രതിദിനം സംസ്ഥാനത്ത് 5,000 പേർ മാത്രമാണ് പനിക്ക് ചികിത്സ തേടിയിരുന്നത്. നിലവിൽ ഇത് പ്രതിദിനം 12,000-13,000 ആണ്. ഇത് സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണ്. ഏഴുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 298 പേരും ചികിത്സ തേടി. 1,74,222 പേരാണ് ചൊവ്വ വൈകീട്ടുവരെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ കണക്കുകൾ ലഭ്യമല്ല. സ്വകാര്യ ചികിത്സ കേന്ദ്രങ്ങളിലെ കണക്ക് കൂടിയാകുമ്പോൾ ഇത് വീണ്ടുമുയരും.
പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് മോണിറ്ററിങ് സെൽ ആരംഭിച്ചിട്ടുണ്ട്. പനി പ്രതിരോധ നടപടിക്ക് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും സർക്കാർ തേടിയിട്ടുണ്ട്.
സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതിജാഗ്രത വേണമെന്നുമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. വർധന ഉണ്ടാകുമെന്ന് മേയിൽതന്നെ വിലയിരുത്തിയിരുന്നു.
എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.