തിരുവനന്തപുരം: സെക്രേട്ടറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണം നിരോധിച്ചു, പാർക്കിങ്ങിനും കർശന നിയന്ത്രണം. സിനിമ-സീരിയൽ ചിത്രീകരണ അനുമതി തേടുന്ന അപേക്ഷകളും തള്ളി. അതി സുരക്ഷാമേഖലയായതിനാലാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പി.ആർ.ഡി നേതൃത്വത്തിൽ നടത്തുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
സെക്രട്ടേറിയറ്റിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. വിവിധ വകുപ്പുകൾ, ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ മേധാവികൾക്കും ഉദ്യോഗസ്ഥർക്കും വാഹന പാസ് നൽകുന്നത് നിർത്തി. സെക്രട്ടേറിയറ്റിൽനിന്ന് ലഭിക്കുന്ന കത്തിന്‍റെയും ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡിന്‍റെയും അടിസ്ഥാനത്തിൽ മാത്രം കടത്തി വിടും. വാഹന പാസ് നിർബന്ധമാക്കും. പാസുള്ള വാഹനങ്ങൾക്കേ പാർക്കിങ് അനുവദിക്കൂ. പാസ് ആവശ്യമുള്ള ജീവനക്കാർ ഉടൻ അപേക്ഷ നൽകണമെന്നും പൊതുഭരണ വകുപ്പ് സർക്കുലറിൽ നിർദേശിച്ചു.
മഞ്ഞ വരയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വിലക്കി. എല്ലാ ഭാഗത്തും ഫയർ എൻജിൻ തടസ്സം കൂടാതെ എത്താൻ സൗകര്യം ഒരുക്കുന്നതിനാണിത്. അത്തരം വാഹനം റിക്കവറി വാൻ ഉപയോഗിച്ച് നീക്കും. ഉടമക്കും ഡ്രൈവർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. പിഴയും ഈടാക്കും. സെക്രട്ടേറിയറ്റ് വളപ്പിൽ പ്രധാന പാർക്കിങ് ഇടങ്ങളിൽ ഉപയോഗശൂന്യ വാഹനങ്ങൾ തുരുമ്പെടുത്ത് കിടക്കുന്നത് ഉടൻ മാറ്റും. പാർക്ക് ചെയ്യുന്ന സർക്കാർ വാഹനങ്ങളുടെ ഡ്രൈവർമാർ പരിസരത്ത് ഉണ്ടാകണം. വാഹനം മാറ്റേണ്ട സമയത്ത് ഡ്രൈവർമാർ ഇല്ലെങ്കിൽ റിക്കറി വാൻ ഉപയോഗിച്ച് നീക്കും. അതിന്‍റെ പേരിലെ നഷ്ടത്തിന് വകുപ്പും ഡ്രൈവറും ഉത്തരവാദിയാകും.
മഞ്ഞവര മുറിച്ച് കടന്നോ പാർക്കിങ് വരകൾക്ക് കുറുകെയോ പകുതി പുറത്തായോ അലക്ഷ്യമായി പാർക്ക് ചെയ്യാൻ പാടില്ല. അലക്ഷ്യമായി പാർക്ക് ചെയ്താൽ 1000 രൂപ പിഴയിടും. പാർക്കിങ് സ്ഥലം നിറഞ്ഞാൽ പാസുള്ള വാഹനങ്ങളും അനുവദിക്കില്ല. അവ സെക്രട്ടേറിയറ്റിന് പുറത്തോ സെൻട്രൽ സ്റ്റേഡിയം പാർക്കിങ് ഏരിയയിലേക്കോ തിരിച്ചുവിടും. നിരോധസ്ഥലത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. അടുത്ത വാഹനത്തിന് തടസ്സമായോ അലക്ഷ്യമായോ അസൗകര്യമായോ വഴി തടസ്സപ്പെടുത്തിയോ പാർക്ക് ചെയ്യാൻ പാടില്ല. യോഗങ്ങൾക്കും ചടങ്ങുകൾക്കും വരുന്ന ഉേദ്യാഗസ്ഥരെ കൊണ്ടുവരുന്ന വാഹനം ഇറക്കിയ ശേഷം പുറത്ത് പാർക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.