കോട്ടയം: അവസാന സല്യൂട്ടും നൽകി എസ്.ഐ ജോബി ജോർജിന് സഹപ്രവർത്തകരുടെ യാത്രാമൊഴി. കോട്ടയം പൊലീസ് ക്ലബിലും രാമപുരം പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിനുവെച്ച മൃതദേഹം കാണാൻ നിരവധിപേരാണ് എത്തിയത്.
ശീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് വീണാണ് രാമപുരം സ്റ്റേഷനിലെ എസ്.ഐ ജോബി ജോർജിന്റെ മരണം. പോസ്റ്റ്മോർട്ടത്തിനുശേഷം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഉച്ചക്ക് 12.35നാണ് പൊലീസ് ക്ലബിൽ പൊതുദർശനത്തിനെത്തിച്ചത്. സഹോദരങ്ങളായ ജോളി ജോർജും ജോർട്ടി ജോർജും മൃതദേഹത്തെ അനുഗമിച്ചു. യു.കെയിലായിരുന്ന ജോളി മരണവിവരമറിഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് എത്തിയത്. ഉടൻ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിലെത്തുകയായിരുന്നു. ഈമാസം ആദ്യമാണ് ജോളി യു.കെയിലേക്ക് പോയത്. പ്രിയ സഹോദരന്റെ ചേതനയറ്റ ചിത്രം അവസാനമായി മൊബൈലിൽ പകർത്തിയ ജോളി ജോർജ് വിതുമ്പിക്കൊണ്ടാണ് മൃതദേഹത്തിനരികിൽനിന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.എം സംസ്ഥാനസമിതി അംഗം അഡ്വ. കെ. അനിൽകുമാർ, കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷ്, വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാർ, ഇന്റലിജന്റ്സ് ഡിവൈ.എസ്.പി സാജു വർഗീസ് എന്നിവർ ആദരാഞ്ജലിയർപ്പിച്ചു. അരമണിക്കൂർ പൊതുദർശനത്തിനുവെച്ചശേഷം മൃതദേഹം രാമപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മന്ത്രി റോഷി അഗസ്റ്റിൻ, പാലാ ഡിവൈ.എസ്.പി എ.ജെ. തോമസ് എന്നിവർ അന്തിമോപചാരമർപ്പിച്ചു. വൻ ജനാവലിയാണ് ഇവിടെ സഹപ്രവർത്തകനെ അവസാന നോക്കുകാണാനെത്തിയത്.
കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, മുണ്ടക്കയം സ്റ്റേഷനുകളിൽ ജോലിചെയ്തതിനാൽ വലിയ സുഹൃദ്വലയത്തിനുടമയായിരുന്നു ജോബി ജോർജ്. ഒരുമണിക്കൂർ പൊതുദർശനത്തിനുശേഷം മൃതദേഹം പൊൻകുന്നത്തെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് പൊൻകുന്നം തിരുകുടുംബ ഫൊറോനപള്ളി സെമിത്തേരിയിലാണ് സംസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.