തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക നികുതി വെട്ടിച്ചെന്ന പരാതിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അന്വേഷണത്തിന് നിർദേശം നൽകി. മാത്യു കുഴൽനാടൻ എം.എൽ.എയുടെ പരാതിയിലാണ് നടപടി. ‘പരിശോധിക്കുക’ എന്ന കുറിപ്പോടെ പരാതി നികുതി സെക്രട്ടറിക്ക് കൈമാറി. ജി.എസ്.ടി കമീഷണറാകും പരാതിയിൽ അന്വേഷണം നടത്തുക. സ്വകാര്യ കരിമണൽ കമ്പനി സി.എം.ആർ.എല്ലിൽനിന്ന് എക്സാലോജിക കൈപ്പറ്റിയതായി ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയ 1.72 കോടിക്ക് ഐ.ജി.എസ്.ടി അടച്ചിട്ടില്ലെന്നാണ് കുഴൽനാടന്റെ പരാതി. വിവാദ കരിമണൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് നൽകിയ 1.72 കോടി, വഴിവിട്ട സഹായങ്ങൾക്കുള്ള മാസപ്പടിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
എന്നാൽ, വീണയുടെ ഐ.ടി കമ്പനി കരിമണൽ കമ്പനിക്ക് നൽകിയ സോഫ്റ്റ്വെയർ സേവനത്തിനുള്ള കരാർ തുകയാണ് 1.72 കോടിയെന്ന് സി.പി.എം വിശദീകരിച്ചു.
സേവനം നൽകിയ വകയിൽ കൈപ്പറ്റിയതാണെങ്കിൽ വീണയുടെ കമ്പനി 18 ശതമാനം തുക, അതായത് 30.96 ലക്ഷം രൂപ ഐ.ജി.എസ്.ടി അടയ്ക്കണം. ഈ തുക അടച്ച രേഖകൾ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ ധനമന്ത്രിയെ സമീപിച്ചത്.
വീണയുടെ കമ്പനി ഐ.ജി.എസ്.ടി അടച്ച രേഖകൾ പുറത്തുവിട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ വെല്ലുവിളിച്ചിരുന്നു. പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നത് കടന്നകൈയാണെന്നും രേഖകൾ പുറത്തുവിട്ടാൽ പൊതുസമൂഹത്തോട് മാപ്പുപറയാമെന്നും കുഴൽനാടൻ മറുപടി നൽകി. കരിമണൽ കമ്പനിക്ക് സേവനം നൽകാത്ത വീണയുടെ കമ്പനിക്ക് അത്തരം രേഖകൾ പുറത്തുവിടാൻ കഴിയില്ലെന്നാണ് പ്രതിപക്ഷം കണക്കുകൂട്ടുന്നത്. അതിലൂടെ മുഖ്യമന്ത്രിയുടെ മകളുടേത് കടലാസ് കമ്പനിയാണെന്നും അതിന്റെ മറവിലുള്ള പണമിടപാടുകൾ അഴിമതിയാണെന്നും സ്ഥാപിക്കാമെന്ന് പ്രതിപക്ഷം കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.