കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് സർക്കാർ സഹായം. കൽപറ്റ അഡ് ലെയ്ഡിലെ പാറവയൽ വീട്ടിലെത്തിയ പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രി കെ. രാധാകൃഷ്ണന് അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന് കൈമാറി.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി, വിശ്വനാഥന്റെ മരണത്തില്‍ കോഴിക്കോട് കമീഷണറുടെ നേതൃത്വത്തില്‍ ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ടെന്ന് അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടർനടപടിയെടുക്കും. പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയിൽ വന്നാൽ കുടുംബത്തിന് തൊഴിലും മറ്റു സാമ്പത്തിക സഹായങ്ങളും ഉൾപ്പെടെയുള്ള പരിരക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.
ഇതനുസരിച്ച് ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടി. സിദ്ദീഖ് എം.എല്‍.എ, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് ജോ.ഡയറക്ടർ പി. വാണിദാസ്, ഐ.ടി.ഡി.പി ജില്ല പ്രോജക്ട് ഓഫിസര്‍ സന്തോഷ്കുമാര്‍, ടി.ഇ.ഒ ജംഷീദ് തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
അതേസമയം, കുട്ടേട്ടൻ പോയതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചെന്നും തനിക്കൊരു ജോലിയാണ് ആവശ്യമെന്നും മരണം സംഭവിച്ച് ഒരുമാസത്തിനടുത്തായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും വിശ്വനാഥന്റെ ഭാര്യ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. വിശ്വനാഥന്റെ മരണത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബാംഗങ്ങൾ മന്ത്രി രാധാകൃഷ്ണനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. മന്ത്രി കെ. രാധാകൃഷ്ണന് നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. വിശ്വനാഥന്റെ ഭാര്യ ബിന്ദു, അമ്മ പാറ്റ എന്നിവരാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.