പാലക്കാട്: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി അംഗവുമായ പി.കെ. ശശിക്കെതിരെ സി.പി.എം നടപടി. മുന്‍ എം.എല്‍.എകൂടിയായ ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കാന്‍ ഞായറാഴ്ച ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ശശിക്കെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തത്. വിഭാഗീയ പ്രവര്‍ത്തനങ്ങളും തമ്മിലടിയും രൂക്ഷമായ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. ശശിക്കാണ് ഏരിയ കമ്മിറ്റിയുടെ താൽക്കാലിക ചുമതല നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്കു കീഴിലെ യൂനിവേഴ്‌സല്‍ കോളജിന് വേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയിലാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നടപടി. സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍നിന്ന് സ്വാധീനം ഉപയോഗിച്ച് സമാഹരിച്ച ധനം ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയാണ് പി.കെ. ശശിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയര്‍ന്നത്. വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചതെന്നാണ് പരാതിക്കാരുടെ വാദം. ധനസമാഹരണം പാര്‍ട്ടി അറിഞ്ഞില്ലെന്നും ആരോപണമുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും ശശിക്കെതിരെ ആക്ഷപം ഉയര്‍ന്നിരുന്നു.
മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കെ. മന്‍സൂര്‍ ആണ് സംസ്ഥാന- ജില്ല നേതൃത്വങ്ങള്‍ക്ക് ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിയിരുന്നത്. പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ 2023 ഫെബ്രുവരിയിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ കമീഷനായി ജില്ല കമ്മിറ്റി നിയോഗിച്ചത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ നേരിട്ടെത്തി അന്വേഷണം നടത്താനായിരുന്നു സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിന്റെ നിര്‍ദേശം. ശശിക്കെതിരെ അന്വേഷണത്തിന് തീരുമാനമെടുത്തതും നടപടി റിപ്പോര്‍ട്ട് ചെയ്തതും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.