അരീക്കോട്: തെരട്ടമ്മലിൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ഫൈനൽ മത്സരം ആരംഭിക്കാനിരിക്കെ കരിമരുന്ന് പ്രയോഗത്തെ തുടർന്നുണ്ടായ അപകടത്തിൽ 40 പേർക്ക് പൊള്ളലേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം. യുനൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എൻ.ജി മാവൂരും തമ്മിലായിരുന്നു ഫൈനൽ. മൈതാനത്തിന്റെ മധ്യഭാഗത്ത് നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ ആകാശത്തേക്ക് ഉയരുന്നതിനു പകരം ദിശമാറി മത്സരം കാണാൻ എത്തിയവരുടെ അരികിലെത്തി പൊട്ടുകയായിരുന്നു. പൊള്ളലേറ്റവരെ അരീക്കോട് പൊലീസും നാട്ടുകാരും ചേർന്ന് അരീക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കുട്ടികളാണ്. പൂവത്തിക്കൽ സ്വദേശി കൂട്ടക്കടവത്ത് നജ്മുദ്ദീന്റെ മകൻ മുഹമ്മദ് നിഹാൽ (ആറ്), പൂവത്തിക്കൽ സ്വദേശി കൂട്ടക്കടവത്ത് യൂസഫിന്റെ മകൻ റിസ്‍വാൻ (ഏഴ്) എന്നീ കുട്ടികൾക്കാണ് ഗുരുതര പരിക്കേറ്റത്.
മത്സരം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ ഗാലറി നിറഞ്ഞിരുന്നു. പിന്നീട് എത്തിയ കാണികൾ മൈതാനത്തിന്റെ അരികിലാണ് ഇരുന്നിരുന്നത്. ഇവരുടെ ദേഹത്തേക്കാണ് കരിമരുന്ന് ദിശമാറിയെത്തിയത്. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. സന്തോഷ്, അരീക്കോട് എസ്.എച്ച്.ഒ സിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അപകടത്തെ തുടർന്ന് മത്സരം മാറ്റിവെച്ചു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സയും സംഘാടക സമിതി ഏറ്റെടുക്കുമെന്ന് ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഷൗക്കത്തലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.