ഫിറോസ് കുന്നംപറമ്പിലിന് 'അപരശല്യം' രൂക്ഷം; മുഹമ്മദ് ഫിറോസ്​ ഉൾപ്പടെ നാലുപേർ അപരവേഷത്തിൽ

തവനൂരിലെ യു.ഡി.എഫ്​ സ്​ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന് അപരശല്യം രൂക്ഷം. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ അപരന്മാർ തവനൂരിലാണ്​. ഒരു മുഹമ്മദ് ഫിറോസും മൂന്ന് ഫിറോസും അടക്കം നാലു പേരാണ് കുന്നംപറമ്പിലിന് എതിരെ മത്സരരംഗത്തുള്ളത്. തവനൂരിലെ എൽഡിഎഫ്​ സ്​ഥാനാർഥി മന്ത്രി കെ.ടി ജലീലിനുമുണ്ട് ഒരു അപരൻ. ജലീൽ എന്ന പേരിലാണ്​ ഇയാൾ മത്സരിക്കുന്നത്. തിരൂരിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് മൂന്ന് അപരന്മാരുണ്ട്. താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി .അബ്ദുറഹിമാനും മങ്കടയിലെ യുഡിഎഫ് സ്ഥാനാർത്ഥി മഞ്ഞളാംകുഴി അലിക്കും മൂന്ന്​ അപരന്മാർ വീതമുണ്ട്.


മലപ്പുറത്ത് തവനൂർ, തിരൂർ, താനൂർ, കോട്ടയ്ക്കൽ, കൊണ്ടോട്ടി, പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി മണ്ഡലങ്ങളിലെല്ലാം ഇരുമുന്നണികളിലെ സ്ഥാനാർത്ഥികൾക്കും അപരന്മാരുണ്ട്. വേങ്ങര, മലപ്പുറം, വണ്ടൂർ, നിലമ്പൂർ, മഞ്ചേരി മണ്ഡലങ്ങളിൽ അപരശല്യമില്ല. അതിനിടെ, ഫിറോസ് കുന്നംപറമ്പിലിന്‍റെ ആകെ ആസ്തി 52.58 ലക്ഷം രൂപയാണ് എന്ന് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക്​ ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത്​ ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്​.ഡി.എഫ്​.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്​. ഭാര്യയുടെ കൈവശം​ 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട്​ ആശ്രിതരുടെ ബാങ്ക്​ അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്.


ഫിറോസ് കുന്നംപറമ്പില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ​ 20,28,834 രൂപയാണ്​​ ജംഗമ ആസ്​തിയായുള്ളത്. ക​മ്പോളത്തില്‍ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്​. 2053 സ്ക്വയർ ഫീറ്റ്​ വരുന്ന വീടിന്‍റെ ക​മ്പോള വില 31.5 ലക്ഷം രൂപയോളം വരും. ഇത്​ കൂടാതെ 80,000 രൂപയുടെ വസ്​തുവും കൈവശമുണ്ട്​​. സ്ഥാവര ആസ്​തിയായി മൊത്തം​ 32,30,000 രൂപയുണ്ട്. വാഹന വായ്​പയായി 9,22,671 രൂപ അടക്കാനുണ്ട്​. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ്​ ലക്ഷം രൂപയുമുണ്ട്​. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.