കാസർകോട്: കോളിളക്കം സൃഷ്ടിച്ച പെരിയ സുബൈദ (60) വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ഒന്നാം പ്രതി മധൂർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദറി (28) നാണ് തടവുശിക്ഷയും 50,000 രൂപ പിഴയും കോടതി വിധിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറൽ, കൊലപാതകം, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
കേസിലെ മൂന്നാം പ്രതി അർഷാദിനെ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതിയായ കർണാടക സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസ് (30) ഇപ്പോഴും ഒളിവിലാണ്.
2018 ജനുവരി 17നാണ് പെരിയ ആയമ്പാറ ചെക്കിപ്പള്ള സ്വദേശിയായ സുബൈദയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തനിച്ച് താമസിക്കുന്ന സുബൈദയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്നുവെന്നാണ് കേസ്.
പ്രതിയായ അബ്ദുൽ ഖാദർ സുബൈദയുടെ വീടിന് സമീപത്തുള്ള വാടക മുറിയിൽ കുറച്ചുകാലം താമസിച്ചിരുന്നു. സ്ഥിരമായി സ്വർണാഭരണങ്ങൾ ധരിച്ചിരുന്ന സുബൈദയുടെ കൈവശവും കൂടുതൽ സ്വർണവും പണവുമുണ്ടെന്ന ധാരണയിലാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്.
സ്ഥലം നോക്കാനെന്ന വ്യാജേന എത്തിയ പ്രതികൾ സുബൈദയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിൽ കയറിയ പ്രതികൾ സുബൈദയെ ബോധംകെടുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.