തിരുവനന്തപുരം: തീരദേശ ഹൈവേക്കായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികൾ പിങ്ക് സർവേ കുറ്റികളുമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ ഒമ്പത് തീരദേശ ജില്ലകളിൽനിന്നുള്ളവരാണ് സമരത്തിൽ പങ്കെടുത്തത്.
സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. സമഗ്ര പദ്ധതിരേഖ പുറത്തുവിടാതെ ഒരു ജനതയുടെ ആവാസമേഖലയിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ 590 കിലോമീറ്റർ തീരദേശത്തുകൂടി 15 മീറ്റർ വീതിയിൽ കേന്ദ്ര-സംസ്ഥാന പദ്ധതിയായി പ്രഖ്യാപിച്ച 65,000 കോടി രൂപയുടെ പദ്ധതി ആരുടെ വികസനത്തിനാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. തീരദേശത്തെ അടിസ്ഥാന വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത മത്സ്യത്തൊഴിലാളികളുടെ വികസനമെന്ന പേരിൽ അടിച്ചേൽപ്പിക്കുന്ന പദ്ധതികൾ വിനാശകരമാണ്.
മത്സ്യത്തൊഴിലാളി സമൂഹവുമായി ചർച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോയാൽ സർവേ കുറ്റികൾ സ്ഥാപിക്കുന്നത് തടയുന്നത് ഉൾപ്പെടെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റോ ഏലിയാസ്, എസ്. സ്റ്റീഫൻ, സി. മേഴ്സി മാത്യു, വലെരിയൻ ഐസക്, രാജു ആശ്രയം, ജനറ്റ് ക്ലീറ്റസ്, ആന്റണി കുരിശുങ്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.