തിരുവനന്തപുരം: ലോക്ഡൗണിൽ തുറമുഖങ്ങളിലേർപ്പെടുത്തിയ നിയന്ത്രണങ്ങളും മത്സ്യ ദൗർലഭ്യവും കാലാവസ്ഥ വ്യതിയാനവും മത്സ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുള്ളതിനാൽ വരുംദിവസങ്ങളില്‍ മത്സ്യത്തിന് രൂക്ഷക്ഷാമം ഉണ്ടായേക്കാമെന്ന് തൊഴിലാളികൾ പറയുന്നു. ഇൗ സാഹചര്യം പരിഗണിച്ച് ട്രോളിങ് നിരോധന കാലയളവ് ചുരുക്കണമെന്ന ആവശ്യവും ശക്തമാണ്. ലോക്ഡൗണും രാത്രി കർഫ്യൂവും ഒക്കെയായി ദിവസങ്ങളായി മത്സ്യ വിപണന മേഖല സ്തംഭനത്തിലാണ്. മീനിനാകെട്ട പൊള്ളുന്ന വിലയും.
നിയന്ത്രണങ്ങൾ തുടർന്നാൽ ജീവിതം പ്രതിസന്ധിയിലാവുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആശങ്ക. വിദേശ ട്രോളറുകളുടെ അടക്കം സാന്നിധ്യമാണ് പൊതുവെ മീനിെൻറ ദൗർലഭ്യത്തിന് കാരണമായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. ഒരുകാലത്ത് യഥേഷ്ടം ലഭിച്ചിരുന്ന അയല, മത്തി, നെത്തോലി പോലുള്ള സാധാരണക്കാരുടെ ഇഷ്ട മത്സ്യങ്ങൾ പലതും ഇപ്പോൾ കിട്ടാത്ത സ്ഥിതിയാണ്. മത്സ്യം കുറഞ്ഞതോടെ തൊഴിലാളികളുടെ വരുമാനവും കാര്യമായി കുറഞ്ഞു. മിക്കവരും വായ്പയെടുത്താണ് ബോട്ടും വള്ളവുമെല്ലാം വാങ്ങിയിരിക്കുന്നത്. തിരിച്ചടവിന് പോലും വകയില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. അനുബന്ധ മേഖലയിലുള്ളവരുടെ സ്ഥിതിയും വ്യത്യസ്തമല്ല.
കടലിലെ വെള്ള വലിവിെൻറ ദിശമാറ്റവും സ്വാഭാവിക മത്സ്യമേഖല കണ്ടെത്തി മീന്‍പിടിക്കുന്നതിന് തിരിച്ചടിയായി. ലോക്ഡൗണിൽ ഇളവ് വന്നാലും മത്സ്യമേഖല കരകയറാന്‍ മാസങ്ങളെടുക്കാനാണ് സാധ്യത. മഴ ഇങ്ങനെ കനക്കുകയാണെങ്കിൽ മത്സ്യബന്ധനത്തിന് പോകുന്നതും ശ്രമകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.