മൊബൈല്‍ ഫോണിന് പകരമായി ലഭിച്ച ഫോണിന്‍െറ കവറും വിം സോപ്പും

ഫ്ലിപ്കാര്‍ട്ടിൽ നിന്ന് വാങ്ങിയത് 13000 രൂപയുടെ ഫോൺ; കിട്ടിയത് 10 രൂപയുടെ രണ്ട് വിം സോപ്പ്

അങ്കമാലി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വഴി മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത അങ്കമാലിയിലെ ഹോട്ടല്‍ ജീവനക്കാരന് ലഭിച്ചത് 10 രൂപയുടെ രണ്ട് വിം സോപ്പ്. അങ്കമാലി ടെല്‍ക്ക് കവലയിലെ ബദരിയ ഹോട്ടലിലെ ജീവനക്കാരന്‍ കൊല്ലം സ്വദേശി ശിഹാബാണ് ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പിനിരയായത്.

കഴിഞ്ഞ മാസം 28ന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ 'ഫ്ലിപ് കാര്‍ട്' വഴി ക്യാഷ് ഓണ്‍ ഡെലിവറിയായാണ് ശിഹാബ് 13,000 രൂപ വില വരുന്ന ഓപ്പോ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പറഞ്ഞ തീയതിക്ക് ഫോണ്‍ ഹോട്ടലില്‍ എത്തുകയും ഡെലിവെറി ബോയ്ക്ക് പണം നല്‍കിയതോടെ മടങ്ങുകയും ചെയ്തു. എന്നാല്‍, ഹോട്ടലില്‍ വച്ച് തുറന്ന് നോക്കിയപ്പോഴാണ് ശിഹാബ് തട്ടിപ്പിനിരയായകാര്യം അറിയുന്നത്. ഓപ്പോ ഫോണ്‍ ഒറിജിനല്‍ പായ്ക്കിനകത്ത് 'വിം ഡിഷ് വാഷിന്‍െറ രണ്ട് ബാറുകളാണ് ലഭിച്ചത്. ഫോണിന് നല്‍കിയ ക്യാഷ് ബില്ലും പായ്ക്കില്‍ ഉണ്ടായിരുന്നു.

തട്ടിപ്പു മനസ്സിലായ ഉടനെ ഷോപ്പിങ് ഡെലിവറി ബോയിയെ ശിഹാബ് വിളിച്ചു വരുത്തുകയും പാക്ക് തുറക്കുന്നതിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഷോപ്പിങ് സൈറ്റിന്‍െറ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെടാൻ ആവശ്യപ്പെട്ട് ഡെലിവറി ബോയി മടങ്ങി. കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടപ്പോള്‍ ആധാര്‍ കാര്‍ഡ് കോപ്പിയും പായ്ക്കിന്‍െറ ചിത്രവും അയച്ചു കൊടുക്കാനായിരുന്നു മറുപടി. അപ്രകാരം അയച്ചുകൊടുത്തെങ്കിലും വീണ്ടും ആധാര്‍ കാര്‍ഡും മറ്റ് രേഖകളും അയച്ചു കൊടുക്കാന്‍ നിരന്തരം ആവശ്യപ്പെട്ട് കൊണ്ടേയിരുന്നു. പലതവണ അയച്ചുകൊടുത്തിട്ടും പരിഹാരമുണ്ടായില്ല. ഡെലിവറി ബോയിയുടെ ഫോണ്‍ സ്വിച്ച് ഓഫുമാണ്. അതോടെ സൈബര്‍ സെല്‍ വഴി പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ശിഹാബ്.


Tags:    
News Summary - Flipkart delivers vim soaps instead of Oppo phone to a customer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.