കരിപ്പൂരിൽ പ്രതിഷേധിക്കുന്ന യാത്രക്കാർ

വിസാ കാലാവധി തീരാൻ മണിക്കൂറുകൾ മാത്രം, ജോലി നഷ്ടപ്പെടുമെന്ന് ആശങ്ക; പ്രതിഷേധവുമായി യാത്രക്കാർ

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിമാന സർവീസുകൾ മുടങ്ങിയതോടെ ദുരിതത്തിലായി യാത്രക്കാർ. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് മിക്കവരും സർവീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. ജോലി സംബന്ധമായി വിദേശത്തേക്ക് പോകാനിരുന്ന നിരവധിപ്പേർ യാത്ര മുടങ്ങിയതോടെ, തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും പങ്കുവച്ചു. വിസാ കാലാവധി തീരാനിരിക്കെ ഇന്നുതന്നെ ഗൾഫ് രാജ്യങ്ങളിൽ എത്തേണ്ട പലർക്കും ഇനി എന്തുചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണുള്ളത്. കണ്ണൂർ, കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ യാത്രക്കാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി.

തികച്ചും നിരുത്തരവാദപരമായ സമീപനമാണ് വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യാത്രക്കാർ പ്രതികരിച്ചു. വർക്ക് വിസ കാലാവധി തീരുന്നതോടെ, ഒരു ദിവസം വൈകിയാൽ പോലും ജോലി നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. യാത്രക്കാർക്ക് താമസ സൗകര്യമോ മറ്റേതെങ്കിലും വിധത്തിലുള്ള സഹായമോ നൽകാൻ എയർ ഇന്ത്യ തയാറായില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം യാത്രക്കാർക്ക് പണം തിരികെ നൽകുകയോ, പകരം യാത്രാ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യാമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

കാബിൻ ക്രൂ ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ 86 വിമാന സർവീസുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. മുന്നൂറോളം ജീവനക്കാരാണ് മുന്നറിയിപ്പില്ലാതെ അവധിയിൽ പ്രവേശിച്ചത്. പിന്നാലെ ഇവർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ എയർ ഇന്ത്യയുടെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മുടങ്ങി. എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിനു ശേഷമുള്ള വേതന വ്യവസ്ഥകളിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ അപ്രതീക്ഷിത നീക്കമെന്നാണ് വിവരം.

Tags:    
News Summary - Flyers Protest After Air India Express Cancels Flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.