കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. സംക്രാന്തിയിലെ ഹോട്ടൽ പാർക്കിന്റെ ഉടമ കാസർകോട് കോയിപ്പടി കൊടിയമ്മ കോളറങ്ങള വീട്ടിൽ ലത്തീഫിനെയാണ് (37) ഗാന്ധിനഗർ പൊലീസ് കർണാടക കമ്മനഹള്ളിയിൽനിന്ന് പിടികൂടിയത്.
മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം നഴ്സിങ് ഓഫിസറും കോട്ടയം തിരുവാർപ്പ് പത്തിത്തറ രാജുവിന്റെ മകളുമായ രശ്മി രാജ് (33) കഴിഞ്ഞ രണ്ടിനാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഇവരുടെ മരണത്തിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത ഗാന്ധിനഗർ പൊലീസ്, നേരത്തേ ഹോട്ടലിലെ ചീഫ് കുക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഒളിവിൽ പോയ ഹോട്ടൽ ഉടമകൾക്ക് വേണ്ടി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബംഗളൂരുവിന് അടുത്ത് കമ്മനഹള്ളിയിൽനിന്ന് ലത്തീഫിനെ പിടികൂടിയത്. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ എം.സി. പവനൻ, സി.പി.ഒമാരായ പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായി. പ്രതിയെ കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികൾക്കായി അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു.
ഭക്ഷ്യ വിഷബാധ മൂലമാണ് രശ്മി രാജിന്റെ മരണമെന്ന് രാസപരിശോധന ഫലത്തിൽ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.