ഭക്ഷ്യവിഷബാധയേറ്റ് നഴ്​സ്​ മരിച്ച സംഭവം: മുഖ്യ പാചകക്കാരൻ അറസ്റ്റിൽ

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ്​ ​ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ്​ നഴ്​സ്​ മരിച്ച സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. സംക്രാന്തി ഹോട്ടൽ പാർക്കിലെ മുഖ്യ പാചകക്കാരനായിരുന്ന മലപ്പുറം തിരൂര്‍ മേൽമുറി പാലത്തിങ്കൽ പിലാത്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് സിറാജുദ്ദീനെയാണ്​ (20) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടിനാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സ് രശ്മി രാജ് മരണപ്പെട്ടത്​. ഭക്ഷ്യവിഷബാധയെത്തുടർന്ന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കഴിഞ്ഞ 29ന് സംക്രാന്തിയിലെ പാർക്ക്​ ഹോട്ടലിൽനിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചതിനുപിന്നാലെ ഇവർക്ക്​ ​അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.

പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ചീഫ് കുക്ക് ആയ സിറാജുദ്ദീൻ ഒളിവിൽ പോയിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിച്ച്​ മലപ്പുറം കാടാമ്പുഴയിൽനിന്നാണ്​ പിടികൂടിയത്​. മറ്റ്​ പ്രതികൾക്കായി അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു.

ഇവിടെനിന്ന്​ ഭക്ഷ്യവിഷബാധയേറ്റെന്നുകാട്ടി എട്ടോളം പേരും കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഗാന്ധിനഗർ സ്​റ്റേഷൻ എസ്.എച്ച്.ഒ ​കെ. ഷിജി, വെസ്റ്റ്​ എസ്.ഐ ശ്രീജിത്ത്, എസ്.ഐ വി. വിദ്യ, എം.സി. പവനൻ, സി.പി.ഒമാരായ അനീഷ് വി.കെ, പ്രവീണോ പി.വി, സുബീഷ്, രാകേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - food poisoning in kottayam: hotel owner in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.