തിരുവനന്തപുരം: പല അനാചാരങ്ങളും മടങ്ങിവരുന്നത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'നമുക്ക് ജാതിയില്ല' വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിെൻറ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ശുദ്ധീകരിക്കാനാണ് ശ്രീനാരായണ ഗുരു ഇടപെട്ടത്. കാലം മാറിയിട്ടും ദുരാചാരങ്ങൾ മാറ്റമില്ലാതെ തുടരുന്നു. ഇവയെ ചെറുത്തുതോൽപിക്കേണ്ടതുണ്ട്.
കേരളത്തിലും മന്ത്രവാദവും സ്ത്രീവിരുദ്ധതയും കണ്ടുവരുന്നു. അഭ്യസ്തവിദ്യർ പോലും ഇതിൽപെടുന്നു. ശ്രീനാരായണ ഗുരുവിെൻറ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ട്. എല്ലാവരും ആത്മ സോദരർ എന്ന ചിന്ത പടർത്താനായാൽ വർഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിദ്വേഷവും കലാപവും നരമേധവും ഇല്ലാതാകും. ജാതിക്കും മതത്തിനുമതീതമായ മാനസിക വീക്ഷണമാണ് ഗുരു മുന്നോട്ടുെവച്ച ആശയം. ഗുരുവിെൻറ സന്ദേശങ്ങളെ ശരിയായ അർഥത്തിൽ നാം മനസ്സിലാക്കണം. കേരളത്തിലെ മറ്റൊരു നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിക്കും തലസ്ഥാന നഗരിയിൽ സർക്കാർ സ്മാരകം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഗുരുപ്രതിമ നിർമിച്ച ശിൽപി ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ, മേയർ കെ. ശ്രീകുമാർ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ടി.ആർ. സദാശിവൻ നായർ, ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.