തൃശൂർ: രാത്രിയിലും പോസ്റ്റ്മോർട്ടം നടത്തണമെന്ന ഹൈകോടതി ഉത്തരവിനോട് വിയോജിച്ച് ഫോറൻസിക് സർജൻമാർ. പോസ്റ്റ്മോർട്ടം സമയപരിധി ദീർഘിപ്പിക്കണമെന്നാണ് അഭിപ്രായമെങ്കിലും അതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരിക്കെ തിരക്കിട്ട് നടപ്പാക്കാൻ നിർബന്ധിക്കുന്നതിനോടാണ് ഫോറൻസിക് സർജൻമാരുടെ വിയോജിപ്പ്. മെഡിക്കൽ കോളജുകളിൽ 50 വർഷത്തോളം പഴക്കമുള്ള സ്റ്റാഫ് പാറ്റേണിലാണ് ഫോറൻസിക് വിഭാഗങ്ങളുടെ പ്രവർത്തനം. അന്ന് 100 മുതൽ 500 വരെ കേസുകളാണ് വർഷം കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ 1000 മുതൽ 4000 വരെയാണ് പരിശോധിക്കുന്നത്. ഡോക്ടർമാരുടെയും മറ്റ് അനുബന്ധ സ്റ്റാഫിെൻറയും പുതിയ തസ്തികകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ ഇത്തരം നിർബന്ധം ദോഷകരമാവുമെന്നാണ് ഇവരുടെ വിമർശനം.
ധിറുതിയിൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം പരിശോധനയും നടത്തിയാൽ തെളിവുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സീൻ ഓഫ് ക്രൈമിൽ രാത്രി പരിശോധന നടത്തി തെളിവ് ശേഖരിക്കൽ ദുഷ്കരമാവും. പുനർ പരിശോധനക്കായി മൃതശരീരം വീണ്ടും പുറത്തെടുക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.
ഫോറൻസിക് മെഡിസിെൻറ പ്രാധാന്യം ഉൾക്കൊണ്ട് വിഷയത്തെ സമീപിക്കണമെന്ന് കേരള മെഡികോ ലീഗൽ സൊസൈറ്റി സെക്രട്ടറിയും മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് സർജനുമായ ഡോ. ഹിതേഷ് ശങ്കർ പറയുന്നു. 24 മണിക്കൂറും ചെയ്തുതള്ളുന്ന പോസ്റ്റ്മോർട്ടങ്ങൾ അല്ല, വൈദഗ്ധ്യത്തോടെ ചെയ്യുന്ന പോസ്റ്റ്മോർട്ടങ്ങളാണ് ആവശ്യമെന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ഫോറൻസിക് സർജൻ ഡോ. എ.കെ. ഉന്മേഷ് പറഞ്ഞു. പെരിഫെറൽ സെൻററുകൾ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. അതിനായി ആരോഗ്യവകുപ്പിന് കീഴിലുള്ള താലൂക്ക്/ ജില്ല ആശുപത്രികളിൽ ഫോറൻസിക് ബിരുദമുള്ള ഡോക്ടർമാരെ നിയമിക്കണമെന്നും ഡോ. ഉന്മേഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.