കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോണുകളുടെ പരിശോധനഫലം ക്രൈംബ്രാഞ്ച് പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പരിശോധന റിപ്പോര്‍ട്ടില്‍ ഉണ്ടോ എന്നാണ് ഞായറാഴ്ച ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ചില വിവരങ്ങള്‍ പരിശോധനഫലത്തില്നിന്ന് വീണുകിട്ടിയെന്നാണ് വിവരം. ഗൂഢാലോചന കേസിനോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്താവുന്ന വിവരങ്ങളും ഇതിലുണ്ട്. ആറ് ഫോണുകളുടെ പരിശോധനഫലമാണ് ലഭിച്ചത്. ഇതില്‍ ഒരു ഫോണ്‍ മുംബൈയിലേക്ക് ഫോറന്‍സിക് പരിശോധനക്കെന്ന പേരില്‍ പ്രതികള്‍ സ്വന്തം നിലയില്‍ അയച്ചതാണ്. രണ്ട് ഫോൺ പരിശോധനക്കായി മുംബൈയിലേക്ക് അയച്ചെന്നായിരുന്നു പറഞ്ഞത്. എന്നാല്‍, ആറ് ഫോണുകളില്‍ ഒന്ന് മാത്രമേ ഇത്തരത്തില്‍ ഉള്ളൂവെന്നാണ് കരുതുന്നത്. അതിനാല്‍ ഒരു ഫോണ്‍ ഒളിപ്പിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. 2017 മുതല്‍ ദിലീപ് ഉപയോഗിച്ച ഐ ഫോണ്‍ ഹാജരാക്കിയില്ല. ഇതായിരിക്കും മുംബൈയിലേക്ക് അയച്ച മറ്റൊരു ഫോണ്‍ എന്നാണ് കരുതുന്നത്. ഫോണുകളില്‍ പലതും ഫോര്‍മാറ്റ് ചെയ്തതായി കണ്ടെത്തി.
തിരുവനന്തപുരത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ച ആറ് ഫോണുകളുടെയും റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ലഭിച്ചത്. ഇതിന്റെ പകര്‍പ്പ് അന്വേഷണ സംഘം വാങ്ങി. പുതിയതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തിങ്കളാഴ്ച ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജിനെ ചോദ്യം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.