തിരുവനന്തപുരം: വനഭൂമിക്ക് പട്ടയം നൽകുന്നതിന് കേന്ദ്രാനുമതി ലഭിക്കാനിടയില്ലെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ. 1980ലെ വനസംരക്ഷണ നിയമം പാസാക്കിയപ്പോൾ വനഭൂമിയിൽ ആവാസമുറപ്പിച്ചവരെ കുടിയിറക്കാതിരിക്കാനാണ് സംസ്ഥാന സർക്കാർ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെ സമീപിച്ചത്. 1984ൽ സംസ്ഥാന സർക്കാർ നൽകിയ കത്ത് പരിഗണിച്ചാണ് നീണ്ട ചർച്ചക്കുശേഷം വനഭൂമി അനുവദിക്കാൻ തീരുമാനിച്ചത്. 1993ലെ കേന്ദ്ര സർക്കാറിെൻറ ഉത്തരവ് അനുസരിച്ച് വിവിധ ജില്ലകളിൽ 71,471 ഏക്കർ വനഭൂമി അനുവദിച്ചു. ഇനിമേൽ വനഭൂമിക്കായി സമീപിക്കരുതെന്ന് താക്കീതും നൽകിയിരുന്നു. അതിനാൽ കേന്ദ്ര സർക്കാറിൽനിന്ന് നിയമം അനുസരിച്ച് വനഭൂമി ലഭിക്കില്ലെന്നാണ് റവന്യൂ വകുപ്പിലെ ഉന്നത ഉേദ്യാഗസ്ഥരുടെ അഭിപ്രായം.
വനഭൂമി വിട്ടു നൽകുന്നതിന് വ്യക്തമായ വ്യവസ്ഥകൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് ഒരു ഹെക്ടറിന് മുകളിൽ വനഭൂമി കേന്ദ്രത്തിൽനിന്ന് വിട്ടുകിട്ടണമെങ്കിൽ വനവത്കരണത്തിന് തുല്യമായ ഭൂമി വനംവകുപ്പിന് കൈമാറണം. വനേതര ആവശ്യത്തിന് അനുവദിക്കുന്ന വനഭൂമിക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ച നെറ്റ് പ്രസൻറ് വാല്യു(എൻ.പി.വി) അടയ്ക്കണം.
വനഭൂമിയിൽനിന്ന് മരം മുറിക്കുകയാണെങ്കിൽ അവയുടെ വിലയും അടയ്ക്കണം. വന്യജീവി സങ്കേതങ്ങളിലെ വനഭൂമിയിൽ വനേതര വികസന പ്രവർത്തനങ്ങൾ അനുവദിക്കുന്നതിന് ദേശീയ- സംസ്ഥാന വന്യജീവി ബോർഡിെൻറ അംഗീകാരം വേണം. അതോടൊപ്പം സുപ്രീംകോടതിയുടെ അനുമതിയും വാങ്ങണം. വന്യജീവി സങ്കേതത്തിലോ നാഷനൽ പാർക്കിലോ ഉൾപ്പെട്ട വനഭൂമിക്ക് അഞ്ചിരട്ടിയും പത്തിരട്ടിയും നെറ്റ് വാല്യു അടയ്ക്കണമെന്നാണ് വ്യവസ്ഥ. കടുവ സങ്കേതം ഉൾപ്പെട്ട വനഭൂമിയാണെങ്കിൽ കടുവ സംരക്ഷണ അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. ഇടുക്കിയിൽ സംരക്ഷിത വനമേഖലയിൽ ഉൾപ്പെടെ കൈയേറ്റം നടത്തിയിട്ടുണ്ടെന്ന് നിവേദിത പി. ഹരൻ കൊട്ടക്കാമ്പൂർ- വട്ടവട റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. റവന്യൂ വനം വകുപ്പുകളുടെ പരിശോധനയനുസരിച്ച് കണ്ടെത്തിയ 86,000 ഏക്കർ എന്നത് വയനാട് വന്യജീവി സങ്കേതത്തിെൻറ വലുപ്പത്തിന് തുല്യമാണ്. അത്രയും വനഭൂമിക്കാണ് കേന്ദ്രസർക്കാർ ഇളവ് അനുവദിക്കേണ്ടത്.
വനഭൂമി പതിച്ചു നൽകുന്നതിനും വ്യവസ്ഥകൾ
കേന്ദ്രസർക്കാർ വനഭൂമി കൈവശക്കാർക്ക് പതിച്ച് നൽകുന്നതിന് 1993 മാർച്ച് 20ന് ഉത്തരവ് നൽകിയപ്പോൾ വ്യവസ്ഥകളും നിർദേശിച്ചിരുന്നു. പതിച്ചുകൊടുക്കുന്നതിനു മുമ്പ് ഭൂ പരിശോധന നടത്തണം. വന്യമൃഗ സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, ഉൾവനങ്ങൾ എന്നിവിടങ്ങളിലെ കൈയേറ്റ സ്ഥലം പതിച്ചുകൊടുക്കാൻ പാടില്ല. ഈ പ്രദേശങ്ങൾ കൈയേറിയവരെ ഒഴിപ്പിച്ച് പരിധിയിൽ കൂടുതൽ വനഭൂമി കൈവശം വെച്ചിരിക്കുന്നവരിൽനിന്ന് സർക്കാർ തിരിച്ചു പിടിച്ച് അവിടെ പുനരധിവസിപ്പിക്കണം. പതിച്ചുകൊടുക്കാൻ ഉേദ്ദശിക്കുന്ന വനഭൂമിയിൽ മണ്ണ് സംരക്ഷണത്തിനും വനവത്കരണത്തിനും സമഗ്രമായ പദ്ധതി തയാറാക്കി ഡാമുകളെ മണ്ണൊലിപ്പ് ഭീഷണിയിൽനിന്ന് രക്ഷിക്കണം. അതനുസരിച്ച് സംസ്ഥാന സർക്കാർ സമഗ്ര പദ്ധതി ആവിഷ്കരിച്ചിരുന്നു. വിട്ടുനൽകിയ വനഭൂമിക്ക് പകരം വനവത്കരണം നടത്തുന്നതിന് 10 വർഷംകൊണ്ട് പൂർത്തിയാക്കാവുന്ന പദ്ധതി തയാറാക്കി 113 കോടിയുടെ ഭരണാനുമതിയും നൽകി. അതിനു രണ്ടു കോടി അനുവദിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. വനസംരക്ഷണ നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായിേട്ട പട്ടയം നൽകൂവെന്ന് ഹൈകോടതിയെയും അറിയിച്ചാണ് പട്ടയം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.