അഡ്വ. പി.ജി. മനു
കൊല്ലം: ഹൈകോടതിയിലെ മുൻ ഗവ. പ്ലീഡർ പി.ജി. മനുവിനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ച വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകൾ നിലയിലായിരുന്നു മൃതദേഹം. രണ്ടുമാസം മുമ്പാണ് ഈ വീട് വാടകക്കെടുത്തത്.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് മനു. ഈ കേസുമായി ബന്ധപ്പെട്ട് ഏറെ നാൾ ഒളിവിൽ കഴിഞ്ഞു. പിന്നീട് അറസ്റ്റിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഹൈകോടതി ജാമ്യം അനുവദിച്ചതോടെ പുറത്തിറങ്ങി. താൻ ഉൾപ്പെട്ട മറ്റൊരു കേസിൽ നിയമസഹായം തേടിയാണ് യുവതി അഡ്വ. മനുവിനെ സമീപിച്ചത്.
കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾക്കെതിരെ മറ്റൊരു യുവതിയുടെ ബലാത്സംഗ പരാതിയുണ്ടായിരുന്നു. ഭർത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. തുടർന്ന് പി.ജി. കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പു പറയുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. ഇതിലുണ്ടായ മനോവിഷമമാണോ ആത്മഹത്യക്ക് കാരണം എന്നാണ് പൊലീസ് പരിശോധിക്കുന്നത്. വിഡിയോ പുറത്തുവന്നതോടെ മനു അസ്വസ്ഥനായിരുന്നുവത്രെ.
ഞായറാഴ്ച രാവിലെ മനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് ജൂനിയർ അഭിഭാഷകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തേ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും പി.ജി. മനു ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഹൈകോടതി സീനിയർ ഗവൺമെന്‍റ് പ്ലീഡർ പദവിയിൽ നിന്ന് പി.ജി. മനുവിനെ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.