മലപ്പുറം മുൻ എസ്.പി സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു

മലപ്പുറം മുൻ എസ്.പി സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ സസ്​പെൻഷനിലായ മലപ്പുറം മുൻ എസ്.പി സുജിത് ദാസിൻ്റെ സസ്പെൻഷൻ പിൻവലിച്ചു.

സസ്​പെൻഷൻ കാലാവധി ആറുമാസം കഴിഞ്ഞ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് തിരിച്ചെടുക്കാൻ ശിപാർശ നൽകിയത്. സുജിത് ദാസിനെതിരായ

അന്വേഷണം പൂർത്തിയാക്കും മുൻപാണ് നടപടി. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുജിത് ദാസിന്റെ ഫോൺ സംഭാഷണം അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനൊപ്പം ഇദ്ദേഹത്തിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പി.വി അന്‍വര്‍ ആരോപിച്ചിരുന്നു. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും നിലവില്‍ പോസ്റ്റിങ് നല്‍കിയിട്ടില്ല. പി.വി. അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ എ.ഡി.ജി.പി അജിത് കുമാറിനെയും സി.പി.എം നേതാവ് പി. ശശിയെയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്.

അതിനിടെ, സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു. ഐ.ജി ശ്യം സുന്ദറാണ് അന്വേഷണം നടത്തുന്നത്. സുജിത് ദാസിന് എതിരായുള്ള അന്വേഷണങ്ങള്‍ തുടരുന്നുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് അന്വേഷണത്തിന് തടസമാവില്ലെന്നാണ് ലഭ്യമായ വിവരം. നേരത്തെ പി.വി. അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്.പി സുജിത് ദാസ് സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും ഡി.ഐ.ജി അജിതാ ബീഗമാണ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്.

ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സസ്പെൻഷനിൽ തീരുമാനമെടുത്തത്. മലപ്പുറം എസ്.പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു പി.വി.അൻവർ എം.എൽ.എ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്.

Tags:    
News Summary - Former Malappuram SP Sujith Das' suspension withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.