തിരുവനന്തപുരം: തിരുവനന്തപുരം തോന്നക്കലിൽ എൻ.ഐ.എ നടത്തിയ റെയ്ഡിനോട് പ്രതികരിച്ച് പോപ്പുലർ ഫ്രണ്ട് (പി.എഫ്.ഐ) മുൻ സോണൽ പ്രസിഡന്‍റ് തോന്നക്കൽ നവാസ്. എൻ.ഐ.എയുടെ പരിശോധനയുമായി സഹകരിച്ചെന്നും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ലെന്നും നവാസ് പറഞ്ഞു.
പരിശോധന നടത്തിയ അന്വേഷണ സംഘത്തിന് നിയമവിരുദ്ധമായ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. തന്‍റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും തേജസ് മാഗസിനും നോട്ടീസുകളും എൻ.ഐ.എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നിരോധനം വന്നതിന് പിന്നാലെ പി.എഫ്.ഐയുടെ പ്രവർത്തനം നടക്കുന്നില്ല. രാഷ്ട്രീയപാർട്ടിയായ എസ്.ഡി.പി.ഐയുമായി സഹകരിക്കുന്നില്ലെന്നും നവാസ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ നിരോധനത്തിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തെ 56 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിവിധ ഇടങ്ങളിൽ പരിശോധന നടന്നത്. പി.എഫ്.ഐയുടെ രണ്ടാംനിര നേതാക്കളുടെ വീടുകളിലായിരുന്നു റെയ്ഡ്.
യു.എ.പി.എ നിയമമനുസരിച്ച് പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. അഞ്ച് വർഷത്തേക്കാണ് പ്രവർത്തന നിരോധനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.